ലണ്ടൻ : യുദ്ധവിമാനം കിട്ടാൻ സഹായം തേടി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ബ്രിട്ടനിലെത്തി. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ സ്വാതന്ത്ര്യം സംരക്ഷിക്കാനായി ചിറകുകൾ തന്നു സഹായിക്കാൻ ബ്രിട്ടിഷ് പാർലമെന്റിലെ പ്രസംഗത്തിൽ സെലെൻസ്കി അഭ്യർഥിച്ചു.
‘ബ്രിട്ടനിലെ രാജാവ് വ്യോമസേന പൈലറ്റാണ്. യുക്രെയ്നിലാകട്ടെ, ഓരോ പൈലറ്റും രാജാവാണ്’. സഹായം അഭ്യർഥിക്കുന്നതിനിടെ സെലെൻസ്കി പറഞ്ഞു. യുഎസിന്റെ എഫ് 16 വിമാനങ്ങളും സ്വീഡിഷ് യുദ്ധവിമാനങ്ങളും ആവശ്യപ്പെട്ടിരുന്ന സെലെൻസ്കി ഇതാദ്യമായാണ് ഇക്കാര്യത്തിൽ ബ്രിട്ടന്റെ സഹായം തേടുന്നത്. ദീർഘകാല അടിസ്ഥാനത്തിൽ യുദ്ധവിമാനങ്ങൾ നൽകുന്ന കാര്യം സജീവപരിഗണനയിലാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഏതിനം വിമാനമെന്ന കാര്യം പരിശോധിക്കാൻ പ്രതിരോധമന്ത്രി ബെൻ വാലസിനു നിർദേശം നൽകി.
പാർലമെന്റ് സ്പീക്കർ ലിൻസെ ഹോയലിന് സെലെൻസ്കി പൈലറ്റിന്റെ ഹെൽമറ്റ് സമ്മാനമായി നൽകി. ചാൾസ് രാജാവിനെയും സന്ദർശിച്ചു. യുദ്ധത്തിന്റെ ആരംഭം മുതൽ ഒപ്പം നിൽക്കുന്ന ബ്രിട്ടനു നന്ദി പറയാൻ കൂടിയായിരുന്നു സന്ദർശനം.