പി പി ചെറിയാൻ
വാഷിംഗ്ടൺ: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, സാഗർ അദാനി എന്നിവർക്ക് കൈക്കൂലി, വഞ്ചന കേസുകളിൽ സമ്മൻസ് അയക്കാൻ കോടതിയുടെ അനുമതി തേടി യുഎസ് റെഗുലേറ്ററായ എസ്ഇസി (SEC). ഇന്ത്യയുടെ നിയമ മന്ത്രാലയം സമ്മൻസ് കൈമാറാനുള്ള അപേക്ഷ രണ്ടുതവണ നിരസിച്ചതിനെത്തുടർന്നാണ് എസ്ഇസി ഇപ്പോൾ ബ്രൂക്ലിനിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയെ നേരിട്ട് സമീപിച്ചിരിക്കുന്നത്.
ഹേഗ് കൺവെൻഷൻ പ്രകാരം സമ്മൻസ് കൈമാറാൻ എസ്ഇസിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ മന്ത്രാലയം അപേക്ഷ തള്ളിയത്. ഇതോടെ ഇമെയിൽ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ നേരിട്ട് സമ്മൻസ് നൽകാൻ എസ്ഇസി അനുമതി തേടി.
സൗരോർജ്ജ പദ്ധതികൾക്കായി 250 ദശലക്ഷം ഡോളർ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും, നിക്ഷേപകരെ വഞ്ചിച്ച് 3 ബില്യൺ ഡോളറിലധികം സമാഹരിച്ചെന്നുമാണ് കേസ്.
ഈ വാർത്ത പുറത്തുവന്നതോടെ ജനുവരി 23-ന് അദാനി ഗ്രൂപ്പ് ഓഹരികൾ 5 മുതൽ 13 ശതമാനം വരെ ഇടിഞ്ഞു. ഏകദേശം 12.5 ബില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായത്.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്.



