(എബി മക്കപ്പുഴ)
വാഷിങ്ടൺ: വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിൻ്റെ ഭാഗമായി അവതരിപ്പിച്ച കുട്ടികൾക്കുള്ള നിക്ഷേപ അക്കൗണ്ടായ ‘ ട്രംപ് അക്കൗണ്ട് ‘ യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്.
ഇതിന്റെ മുന്നോടിയായി ട്രംപ് അക്കൗണ്ടിൽ കുട്ടികളെ എൻറോൾ ചെയ്യാനായി രക്ഷകർത്താക്കൾ സമർപ്പിക്കേണ്ട ഇൻ്റേണൽ റവന്യൂ സർവീസ് ഫോം പ്രസിഡന്റ് ട്രംപ് പുറത്തിറക്കി.
അമേരിക്കയിൽ ജനിക്കുന്ന കുട്ടിക്ക് ജനനം മുതൽ മികച്ച സാമ്പത്തിക പശ്ചാത്തലം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് നികുതി ആനുകൂല്യങ്ങളുള്ള സേവിങ്സ് പ്രോഗ്രാമായ ട്രംപ് അക്കൗണ്ട് നടപ്പിലാക്കുന്നത്.
വർക്കിങ് ഫാമിലീസ് ടാക്സ് കട്ട്സ് ആക്ടിന് കീഴിൽ നടപ്പാക്കുന്ന ട്രംപ് അക്കൗണ്ടിൽ 2025 ജനുവരി ഒന്നിനും 2028 ഡിസംബർ 31നും ഇടയിൽ ജനിച്ച എല്ലാ കുട്ടികളെയും ചേർക്കാൻ കഴിയും. യുഎസ് സർക്കാർ ഒറ്റത്തവണ നിക്ഷേപമായി (Seed Money) 1000 ഡോളർ നൽകുമെന്നതാണ് ട്രംപ് അക്കൗണ്ടിൻ്റെ പ്രത്യേകത. സർക്കാർ നിക്ഷേപത്തിനു പുറമേ മാതാപിതാക്കൾക്കും അക്കൗണ്ടിൽ നിക്ഷേപം നടത്താം. കുട്ടികൾ വളരുന്നതനുസരിച്ചു നിക്ഷേപവും വളരും.
അമേരിക്കയിലെ പ്രമുഖ സംരംഭക ദമ്പതികളായ മൈക്കിൾ ഡെല്ലും ഭാര്യ സൂസനും 6.25 ബില്ല്യൺ ഡോളർ പദ്ധതിയിലേക്ക് സംഭാവന നൽകി സർക്കാരിന് പിന്തുണ നൽകിയിട്ടുണ്ട്. യുഎസിലെ ചില സ്റ്റേറ്റുകളിൽ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യം വർധിക്കും, കാരണം ഇതാണ്
ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ശക്തി ഉപയോഗപ്പെടുത്തി അടുത്ത തലമുറയെ ഉയർത്തിക്കൊണ്ടുവരാൻ സഹായിക്കുന്ന ഒരു കുടുംബ അനുകൂല സംരംഭമാണ് ട്രംപ് അക്കൗണ്ട് എന്ന് പ്രസിഡൻ്റ് ട്രംപ് പറഞ്ഞു. പുതുതലമുറയുടെ ജീവിതത്തിൽ വലിയൊരു കുതിച്ചുചാട്ടം തീർച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.



