പി.പി ചെറിയാൻ
മിഷിഗൺ: പാർക്കിംഗ് സംവിധാനത്തിലെ ഗുരുതരമായ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി 2,70,000-ത്തിലധികം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് തിരിച്ചുവിളിക്കുന്നു. വാഹനം പാർക്കിംഗ് മോഡിലേക്ക് മാറ്റിയാലും കൃത്യമായി ലോക്ക് ആകാത്തതിനാൽ വാഹനം തനിയെ ഉരുണ്ടുനീങ്ങാൻ സാധ്യതയുണ്ടെന്ന കണ്ടെത്തെലിനെ തുടർന്നാണ് ഈ നടപടി.
2022-2026 കാലയളവിലെ F-150 ലൈറ്റ്‌നിംഗ് (F-150 Lightning), 2024-2026 മോഡൽ മസ്റ്റാംഗ് മാക്-ഇ (Mustang Mach-E), 2025-2026 മോഡൽ മാവെറിക് (Maverick) എന്നീ വാഹനങ്ങളെയാണ് പ്രധാനമായും ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്.
വാഹനത്തിലെ ഇന്റഗ്രേറ്റഡ് പാർക്ക് മോഡ്യൂളിലെ (Integrated Park Module) സോഫ്റ്റ്‌വെയർ തകരാറാണ് വില്ലൻ. ഡ്രൈവർ പാർക്കിംഗ് ഗിയറിലേക്ക് മാറ്റിയാലും ചിലപ്പോൾ വാഹനം സുരക്ഷിതമായി ലോക്ക് ആകില്ല.
ഈ തകരാർ പരിഹരിക്കുന്നതിനായി സൗജന്യമായി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്തു നൽകുമെന്ന് ഫോർഡ് അറിയിച്ചു. ഡീലർഷിപ്പുകൾ വഴിയോ റിമോട്ട് അപ്‌ഡേറ്റ് വഴിയോ ഇത് ലഭ്യമാക്കും.
വാഹനം തനിയെ ഉരുണ്ടുനീങ്ങുന്നത് വലിയ അപകടങ്ങൾക്കും പരിക്കുകൾക്കും കാരണമായേക്കാം. എന്നാൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.
വാഹന ഉടമകൾക്ക് കൂടുതൽ വിവരങ്ങൾക്കായി ഫോർഡ് കസ്റ്റമർ സർവീസുമായോ 1-866-436-7332 അടുത്തുള്ള ഡീലർഷിപ്പുമായോ ബന്ധപ്പെടാവുന്നതാണ്.



