ലോക സമ്പന്നരുടെ പട്ടികയിൽ റെക്കോഡ് നേട്ടവുമായി ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക്. ഫോർബ്സ് പുറത്തുവിട്ട കണക്കുപ്രകാരം 500 ബില്യൺ യു.എസ് ഡോളറിനടുത്താണ് മസ്കിന്റെ സമ്പാദ്യം. ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തെ ആദ്യ വ്യക്തിയാണ് മസ്‌ക്.
ടെസ്‍ലയുടെ ഓഹരികളിൽ വന്ന കുതിച്ചുചാട്ടമാണ് മസ്കിന്റെ നേട്ടത്തിന് പ്രധാന കാരണം. ഈ വർഷം 14 ശതമാനത്തിലധികമാണ് കമ്പനിയുടെ ഓഹരികളിലെ വർധന. ടെസ്‍ലയെ കൂടാതെ റോക്കറ്റ് നിർമാതാക്കളായ സ്പേസ് എക്സ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട് അപ്പ് എക്സ്.എ.ഐ വരെയുള്ള മസ്കിന്റെ കമ്പനികളുടെ സമ്പാദ്യത്തിലെ വർധനവും സമ്പന്നരുടെ പട്ടികയിൽ ഒന്നാമതാക്കാൻ സഹായിച്ചു.
കാറുകൾ, റോക്കറ്റുകൾ, എ.ഐ തുടങ്ങി വിവിധ മേഖലകളിലെ മസ്‌കിന്റെ അസാധാരണമായ സ്വാധീനമാണ് ഈ നേട്ടം അടിവരയിടുന്നത്. ഫോബ്‌സ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഒറാക്കിൾ സഹസ്ഥാപകൻ ലാരി എലിസണിന്റെ ആസ്തി ഏകദേശം 351.5 ബില്യൺ ഡോളറാണ്. ഇതോടെ ലോകം ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം മസ്‌ക് ഉറപ്പിച്ചു.
അതേസമയം, കഴിഞ്ഞ മാസം ലോക സമ്പന്നരുടെ പട്ടികയിൽ മസ്കിനെ തള്ളി ഒറാക്കിൾ സഹസ്ഥാപകൻ ലാരി എലിസൺ ഒന്നാമതെത്തിയിരുന്നു. 393 ബില്യൺ ഡോളറിന്റെ സമ്പാദ്യവുമായി ലാരി ഒന്നാം സ്ഥാനത്ത് വന്നപ്പോൾ 385 ബില്യൺ ഡോളറിന് രണ്ടാം സ്ഥാനത്തേക്ക് മസ്ക് പിന്തള്ളപ്പെട്ടു.



