ഫെയ്‌സ്ബുക് (മെറ്റാ) കമ്പനി കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നുവെന്നു സൂചന. ഇതിന്റെ ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി ഏകദേശം 12,000 ജോലിക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് കമ്പനി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെയ്‌സ്ബുക്കിനു മാത്രമായി വന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പുറമെ ടെക്‌നോളജി കമ്പനികള്‍ മൊത്തത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും ഫെയ്‌സ്ബുക്കിനെ ബാധിച്ചിരിക്കാം.
ആഗോള തലത്തില്‍ കമ്പനികളും മറ്റും പരസ്യത്തിനായി ചെലവിടുന്ന പണം കുറഞ്ഞതാണ് ഫെയ്‌സ്ബുക് അടക്കമുള്ളവർ നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രധാനം. വിപണിയിലെ മാന്ദ്യം, പണപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ട്. മെറ്റാ കമ്പനിയുടെ ജോലിക്കാരും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും തമ്മില്‍ നടന്ന ചോദ്യോത്തര വേളയിലാണ് കമ്പനിയുടെ വിവിധ വിഭാഗങ്ങളിലുള്ള ഡയറക്ടര്‍മാരോട് മോശം പ്രകടനം നടത്തുന്ന 15 ശതമാനം പേരെയെങ്കിലും കണ്ടെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് ബിസിനസ് ഇന്‍സൈഡർ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ഈ നീക്കത്തെക്കുറിച്ചുള്ള സൂചന കഴിഞ്ഞയാഴ്ച ഒരു മെറ്റാ ജീവനക്കാരന്‍ ബ്ലൈന്‍ഡ് എന്ന ആപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിന്നാണ് ലഭിച്ചത്. ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രിയപ്പെട്ട ആപ്പുകളിലൊന്നാണ് ബ്ലൈന്‍ഡ്. ഈ ആപ് മറ്റാരും അറിയാതെ ഉപയോഗിക്കാമെങ്കിലും താന്‍ ജോലിചെയ്യുന്ന കമ്പനിയുടെ ഇമെയില്‍ അഡ്രസ് നല്‍കിയാല്‍ മാത്രമാണ് തുറന്നു കിട്ടുക.