ഖമീസ് മുഷൈത്ത്: റീട്ടെയിൽ രംഗത്തെ പ്രബലരായ ലുലു ഗ്രൂപ്പ് സൗദിയിലെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ അൽ അസിർ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിൽ ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടേയും മറ്റ് വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തിൽ ഖമീസ് മുഷൈത്ത് ഗവർണർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഷൈത്താണ് ഉദ്‌ഘാടനം നിർവഹിച്ചത്.
സൗദിയിലുടനീളം അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലയായി ലുലുവിനെ മാറ്റിയ എല്ലാ പ്രത്യേകതകളും നിറഞ്ഞതാണ് പ്രശസ്തമായ മുജാൻ പാർക്ക് മാളിൽ 71,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ലുലു ഹൈപ്പർമാർക്കറ്റെന്ന് അധികൃതർ പറഞ്ഞു. മലയാളികൾ ഉൾപ്പെടെയുള്ളവർ കൂടുതലായുള്ള ഖമീസ് മുഷൈത്തിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. സൗദി അറേബ്യയുടെ വളർച്ചയിൽ ഭാഗമാവുന്നതിൽ അഭിമാനമുണ്ട്. രാജ്യത്തിന്‍റെ സുസ്ഥിര വികസന നയങ്ങൾക്ക് പിന്തുണ നൽകുന്നത് തുടരും. ഞങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ചെയ്‌തു തരുന്ന ഭരണാധികാരികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. സൗദിയിലെ ലുലുവിന്‍റെ വിപുലീകരണത്തിന്‍റെ ഭാഗമായി സമീപ ഭാവിയിൽ കൂടുതൽ ഹൈപ്പാർമാർക്കറ്റുകൾ തുറക്കും. സ്വദേശികൾക്കും മലയാളികൾ ഉൾപ്പെടെയുള്ളവർക്കും ഇതിലൂടെ തൊഴിലവസരങ്ങൾ ഒരുക്കാൻ കഴിയുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.