സിയോൾ: ദക്ഷിണ കൊറിയൻ നടൻ ലീ സാങ് ബോയെ പ്യോങ്ടെക്കിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. 44 വയസ്സായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ കുടുംബാംഗമാണ് നടനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. മരണത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അസാധാരണമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
2022ൽ ലീ ഒരു മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിരുന്നു. പൊതു സ്ഥലത്ത് അശ്രദ്ധമായി പെരുമാറിയതിന് പിന്നാലെയാണ് മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തത്. തുടർന്ന് അന്വേഷണം നടത്തുകയും കേസിൽ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
മാർച്ച് 29 ന് രാവിലെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. അതേസമയം അദ്ദേഹത്തിന്റെ മരണത്തിൽ ഏജൻസിയായ കൊറിയ മാനേജ്മെന്റ് ഗ്രൂപ്പ് പ്രസ്താവന ഇറക്കി. നടൻ ലീ സാങ്ങിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ചു. കൂടാതെ കുടുംബത്തിന്റെ സ്വകാര്യതയും സംരക്ഷണവും കണക്കിലെടുത്ത് മാധ്യമങ്ങളും പൊതുജനങ്ങളും വാർത്താക്കുറിപ്പുകളിൽ നിന്നും സന്ദർശനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.



