നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷെയ്ൻ നിഗത്തെയും സിനിമയിൽ നിന്നും വിലക്കി സിനിമാ സംഘടനകൾ. ഇരുവരും സിനിമകളുമായി സഹകരിക്കുന്നില്ലെന്ന് സംഘടനകൾ വ്യക്തമാക്കി. താരസംഘടനയായ ‘അമ്മ’ കൂടി ഉൾപ്പട്ട യോഗത്തിലാണ് തീരുമാനം. കൊച്ചിയിൽ ചേര്‍ന്ന യോഗത്തിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്. സെറ്റിൽ താരങ്ങളുടെേത് മോശം പെരുമാറ്റമെന്നും സിനിമകളുമായി സഹകരിക്കില്ലെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.
മയക്കുമരുന്നിന് അടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമാതാവ് രഞ്ജിത്ത് പറഞ്ഞു. ഇപ്പോൾ ഡബ്ബിങ് നടക്കുന്ന സിനിമകൾ ഇവർക്ക് പൂർത്തിയാക്കാം. പുതിയ സിനിമകൾ നിർമാതാക്കൾക്ക് അവരുടെ സ്വന്തം തീരുമാനത്തിൽ ഇവരെ വച്ച് ചെയ്യാമെന്നും അതിൽ സംഘടനയുടെ യാതൊരു പരിഗണനയും ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും രഞ്ജിത് പറഞ്ഞു.
ലഹരി മരുന്നു പയോഗിക്കുന്ന നിരവധിപ്പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും രഞ്ജിത് കൂട്ടിച്ചേർത്തു. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.