അനൂപ് മേനോൻ നായകനായി എത്തുന്ന ‘ചെക്ക്‌മേറ്റ്’ ഒൻപതിന് തിയറ്ററുകളിലെത്തും. നവാഗതനായ രതീഷ് ശേഖറാണ് ചെക്ക്‌മേറ്റ് സംവിധായകൻ. അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയിൽ പിറന്ന ചിത്രം കൂടിയാണിത്. ന്യൂയോർക്കിലും യുഎസിന്റെ മറ്റു ഭാഗങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയായത്.
നേരത്തേ ഹ്രസ്വചിത്രങ്ങളും മ്യൂസിക് ആൽബങ്ങളും സംവിധാനം ചെയ്തിട്ടുള്ള രതീഷ് തന്നെയാണ് ‘ചെക്ക്‌മേറ്റിന്റെ’ തിരക്കഥാകൃത്തും സംഗീത സംവിധായകനും ഛായാഗ്രാഹകനും. യുഎസിലെ കണക്ടിക്കട്ടിൽ ജുഡിഷ്യറി ഡിപ്പാർട്ട്മെന്റിൽ ചീഫ് ടെക്നിക്കൽ ഓഫിസറാണ് രതീഷ്. പാലക്കാട് എൻഎസ്എസ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദമെടുത്ത ഇദ്ദേഹം സൈബർ സെക്യൂരിറ്റി വിദഗ്ധനുമാണ്.
പുതുമുഖമായ രേഖ ഹരീന്ദ്രനാണ് ചിത്രത്തിലെ നായിക. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് രേഖ. മികച്ച പുതുമുഖ താരത്തിനുള്ള കേരള ക്രിട്ടിക്സ് ഫിലിം അവാർഡ് ജേതാവുമാണ്. ലാൽ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എഡിറ്റർ: പ്രിജേഷ് പ്രകാശ്, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, ഫൈനൽ മിക്‌സ്; വിഷ്ണു സുജാതൻ, കളറിസ്റ്റ്: ബിലാല്‍ റഷീദ്.