നടൻ സൗബിൻ ഷാഹിർ സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഡബ്ബിങ്ങിന് വിളിച്ചാൽ വരില്ലെന്ന് സംവിധായകൻ ഒമർ ലുലു. ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് ആണ് താൻ സൗബിൻ ആയിട്ട് ആദ്യം പ്രശ്നം ഉണ്ടാകുന്നതെന്നും പല നടന്മാരും ഫോൺ ചെയ്താൽ എടുക്കില്ലെന്നും ഒമർ പറഞ്ഞു.
‘നിലവിൽ മലയാള സിനിമയിലെ പുതുമുഖങ്ങളാണ് പ്രശ്നം. എന്റെ സിനിമയില്‍ സിദ്ദിഖ് ഒക്കെ അഭിനയിച്ചിട്ടുണ്ട്. സിദ്ദീഖ് ഇക്ക, ഇടവേള ബാബു, മുകേഷേട്ടന്, ഉര്‍വ്വശി ചേച്ചി ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ വരുന്ന സമയം നമ്മളോട് പറയും. അതിന് അനുസരിച്ച് നമുക്ക് ഷൂട്ട് ചാര്‍ട്ട് ചെയ്യാം. വരുന്ന വഴിക്കൊക്കെ ബ്ലോക്ക് ഒക്കെ ഉണ്ടായാല്‍ അത് പറയും. കമ്മ്യൂണിക്കേഷൻ കൃത്യമാണ്. എനിക്ക് അധികം അനുഭവം ഉണ്ടായിട്ടില്ല. ഞാന്‍ കൂടുതലും പുതുമുഖങ്ങളെ വച്ചാണ് സിനിമ ചെയ്തിട്ടുള്ളത്. പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്, പല നടന്മാരും ഫോണ്‍ ചെയ്താല്‍ പോലും എടുക്കില്ല. ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് സൗബിന് ആയിട്ട് ഞാന്‍ അങ്ങനെയാണ് ആദ്യം പ്രശ്നം തുടങ്ങുന്നത്. ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ല. ഷൈന്‍ ടോം തന്നെ എനിക്ക് മെസേജ് അയച്ച് ചോദിച്ചിട്ടുണ്ട്. പോപ്കോണ്‍ എന്ന സിനിമ നടക്കുകയാണ്, അപ്പോള്‍ സൗബിന് വന്ന് ഡബ്ബ് ചെയ്തോ എന്ന് ഷൈന്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ ഷൈന്‍ സമ്മതിക്കുമോ എന്നറിയില്ല’, ഒമർ ലുലു പറഞ്ഞു.
ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയതിന് പിന്നാലെ പല നടന്മാർക്കുമെതിരെ ആരോപണങ്ങളും വിമർശനങ്ങളുമായി പല നടന്മാരും സംവിധായകരും രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ സൗബിൻ ഷാഹിറിനെതിരെ സംവിധായകൻ ഒമർ ലുലു പറഞ്ഞ കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.