2024ലെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റ് ഏത് എന്ന ചോദ്യത്തിന് ഒരു ഉത്തരമെ ഉണ്ടാകൂ. പ്രേമലു. ഗിരീഷ് എഡിയുടെ സംവിധാനത്തിൽ നസ്ലെൻ നായകനായി എത്തിയ ചിത്രം ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. അടുത്തിടെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുമെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനോട് അനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ബാഹുബലി സ്റ്റൈലിൽ ആണ് പ്രേമലുവിന്റെ തെലുങ്ക് വെർഷൻ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകരിൽ ഏറെ കൗതുകവും ജനിപ്പിക്കുന്നുണ്ട്. ചിത്രം മാർച്ച് 8ന് റിലീസ് ചെയ്യുമെന്നാണ് വിവരം. അതേസമയം, പ്രേമലു കേരളത്തിൽ കേറി കൊളുത്തിയത് പോലെ തെലുങ്കാനയിലും കസറുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാര്‍ത്തികേയനാണ് പ്രേമലു തെലുങ്കിലേക്ക് എത്തിക്കുന്നത്.
അതേസമയം, പ്രേമലുവിന്റെ ആഗോള കളക്ഷൻ 70 കോടി കടന്നെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. വെറും പത്തുദിവസം കൊണ്ട് യു.കെയിലും അയര്‍ലാന്‍ഡിലും ഏറ്റവും കളക്ഷന്‍ നേടിയ മലയാളചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്തും പ്രേമലു എത്തി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘2018’ മാത്രമാണ് ഈ മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ പ്രേമലുവിനെക്കാള്‍ കളക്ഷന്‍ നേടിയ ഏക മലയാള ചിത്രം.
ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.