മകളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവതി അറസ്റ്റിൽ. ഒമ്പത് വയസുകാരിയുടെ ശരീരഭാഗങ്ങൾ ഒരു മാസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതായി പൊലീസ്. ബ്രസീലിലെ സാവോപോളോയിലാണ് സംഭവം. 30 കാരിയായ പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഓഗസ്റ്റ് എട്ടിനാണ് കൊലപാതകം നടന്നത്. 30 കാരിയായ റൂത്ത് ഫ്‌ളോറിയാനോ എന്ന സ്ത്രീയാണ് തൻ്റെ ഒമ്പത് വയസുകാരിയായ മകളെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത്. ഭർത്താവിനെ കൂടാതെ മറ്റൊരു പുരുഷനുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. മകൾക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇതാണ് ഈ ക്രൂരകൃത്യം ചെയ്യാൻ ഫ്ളോറിയാനോയെ പ്രേരിപ്പിച്ചതെന്നും പൊലീസ്.
ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവർ മറ്റൊരാളുമായി പ്രണയത്തിലായത്. മകൾ കൊല്ലപ്പെട്ട ദിവസം യുവതി ഇയാളെ വീട്ടിലേക്ക് വിളിച്ചിരുന്നു. മകളെ കൊലപ്പെടുത്താൻ യുവതി ഇന്റർനെറ്റിൽ എളുപ്പവഴി തെരഞ്ഞിരുന്നതായും പൊലീസ് കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗിച്ച് ഇരുവരും ഉറങ്ങിപ്പോയെന്നാണ് യുവതി ആദ്യം മൊഴി നൽകിയത്. എന്നാൽ മൊഴി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിൽ മകളെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു.