കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം ഒരു വർഷം പിടികൂടിയത് 172.19 കോടി രൂപയുടെ 270.536 കിലോഗ്രാം സ്വർണം. 376 കേസുകളിലായി പിടിയിലായത് 163 പേർ. വിമാനത്താവളത്തിലെ എയർ കസ്റ്റംസ് വിഭാഗം പിടികൂടിയ കേസുകളുടെ എണ്ണം മാത്രമാണിത്. പുറമേ 55 കേസുകളിലായി 35.49 ലക്ഷം രൂപയുടെ വിദേശ സിഗരറ്റും 9 കേസുകളിലായി 56.28 ലക്ഷം ഇന്ത്യൻ രൂപയുടെ വിദേശ കറൻസികളും കസ്റ്റംസ് പിടികൂടി.
സ്വർണക്കടത്തിൽ കൂടുതലും ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചവയാണ്. വസ്ത്രങ്ങളിൽ തേച്ചുപിടിപ്പിച്ചും ബാഗേജുകളിൽ കൊണ്ടുവരുന്ന ഇലക്ട്രിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചുമാണ് സ്വർണക്കടത്ത്.
കത്തികളുടെ പിടിക്കുള്ളിലും ഫ്ലാസ്കിലും ട്രിമ്മറിന്റെ മോട്ടറിനുള്ളിലും മറ്റും സ്വർണം പിടികൂടിയത് ഈയിടെയാണ്. ഇതിനു പുറമേ, വിമാനത്താവളത്തിലെ ശുചിമുറിയിലും വിമാനത്തിലെ സീറ്റിലും ഒളിപ്പിച്ച സ്വർണവും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.