തിരുനെൽവേലി: പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ മൂന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്‌കൂൾ ഉടമയെയും (കറസ്പോണ്ടന്റ്) ഭാര്യയെയും സ്‌കൂൾ പ്രിൻസിപ്പലിനെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. അഞ്ഞൂറിലധികം പെൺകുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്.
അടുത്തിടെ സ്കൂളിന്റെ ഉടമ കുത്തുബ്ദ്ദീൻ നജീബ് 12-ാം ക്ലാസിലെ ചില പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ പെൺകുട്ടികൾ പരാതി നൽകിയെങ്കിലും ഇയാളുടെ ഭാര്യ മൊഹിദീൻ ഫാത്തിമയും സ്‌കൂൾ പ്രിൻസിപ്പൽ കാധരമ്മാളും ഇത് തള്ളിക്കളയുകയായിരുന്നു. ഇയാളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ വിദ്യാർത്ഥികൾ സ്‌കൂളിൽ ഇയാൾക്കെതിരെ കുത്തിയിരിപ്പ് സമരം നടത്തി.
സംഭവം പുറത്തറിഞ്ഞതോടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും ചില മുസ്ലീം സംഘടനകളും വിദ്യാർത്ഥികൾക്കൊപ്പം പ്രതിഷേധിച്ചു. ഡിസിപി സീനിവാസൻ, പാളയംകോട്ടൈ തഹസിൽദാർ ആനന്ദ പ്രകാശ്, സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സമരക്കാരുമായി ചർച്ച നടത്തി.
പ്രതിഷേം ശക്തമായതോടെ പൊലീസ് ഇൻസ്‌പെക്ടർ മുത്തുലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളായ മൂന്നുപേരെയും അറസ്റ്റ് ചെയ്തു. അതേസമയം, ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്ന വിദ്യാർത്ഥികൾ ഒരു മടിയും കൂടാതെ സംഭവം മാതാപിതാക്കളെയും പോലീസിനെയും അറിയിക്കണമെന്ന് സീനിവാസൻ പറഞ്ഞു.