ചെന്നൈ: തമിഴ്നാട്ടിലെ കമ്പത്ത് തൊണ്ടി മുതലായി സൂക്ഷിച്ച കഞ്ചാവുൾപ്പെടെ കച്ചവടം നടത്തിയ പൊലീസുകാരന് സസ്പെൻഷൻ. ലോവർ ക്യാമ്പിലുള്ള കുമളി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ നല്ല തമ്പിയെയാണ് തേനി ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. പ്രത്യേക സ്ക്വാഡുകൾ പിടികൂടുന്ന കഞ്ചാവ് കേസുകളിലടക്കം പ്രതികളെ കോടതിയിൽ കൊണ്ടു പോകുന്ന ചുമതലയിലിരിക്കെയാണ് നല്ല തമ്പി, പ്രതികളുമായി ബന്ധം സ്ഥാപിച്ച് കച്ചവടക്കാരെ കണ്ടെത്തി കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്.
കുമളി, ഗൂഡല്ലൂർ, കമ്പം എന്നീ പൊലീസ് സ്റ്റേഷനുകളിലും ഈ ഭാഗത്തു വച്ച് പ്രത്യേക സ്ക്വാഡുകൾ പിടികൂടുന്ന കഞ്ചാവ് കേസുകളിലും പ്രതികളെ കോടതിയിൽ കൊണ്ടു പോകുന്ന ചുമതല കുറച്ചു നാളായി നല്ല തമ്പിക്കായിരുന്നു. സാമ്പിൾ എടുത്ത ശേഷം തൊണ്ടി മുതൽ സൂക്ഷിക്കുന്നതും ഇയാളുടെ മേൽനോട്ടത്തിലായിരുന്നു. മധുര, തേനി എന്നീ കോടതികളിലാണ് പ്രതികളെ ഹാജരാക്കിയിരുന്നത്. പ്രതികളെയുമായി സ്ഥിരമായി പോകുന്നതിനിടെ നല്ല തമ്പി ഇവരുമായി ചങ്ങാത്തത്തിലായി. അതുവഴി കഞ്ചാവ് കച്ചവടക്കാരുമായും ബന്ധം സ്ഥാപിച്ചു. അങ്ങനെയാണ് കഞ്ചാവ് കച്ചവടം തുടങ്ങിയതും അത് വ്യാപിപ്പിച്ചതും.
തൊണ്ടി മുതലായി സൂക്ഷിക്കുന്ന കഞ്ചാവും കച്ചവടക്കാരിൽ നിന്നും വാങ്ങുന്നതുമാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. സംഭവം ശ്രദ്ധയിൽ പെട്ട ഗൂഡല്ലൂർ സി ഐ പിച്ചൈപാണ്ടി പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച ശേഷം കമ്പം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പ്രത്യേകം സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണത്തിൽ നല്ല തമ്പി കഞ്ചാവ് കച്ചവടം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം വകുപ്പു തല നടപടിയുണ്ടാകുമെന്ന് തേനി എസ് പി പറഞ്ഞു.