ആലപ്പുഴ: ആറ് വയസുകാരിയെ വെട്ടികൊലപ്പെടുത്തി പിതാവ്. ആലപ്പുഴ മാവേലിക്കര പുന്നമൂട്ടിലാണ് സംഭവം. പുന്നമൂട് സ്വദേശിനി നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ശ്രീമഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. തുടർന്ന് ബഹളം വെച്ചുകൊണ്ട് പുറത്തേക്ക് ഓടിയ സുനന്ദയെയും പിന്തുടർന്നെത്തി മഹേഷ് ആക്രമിച്ചു. ആക്രമണത്തിൽ സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്.
ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാൾ ശ്രമിച്ചു. മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയത്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വർഷം മുൻപ് മരിച്ചിരുന്നു.