ചങ്ങനാശേരി : പൊറോട്ടയ്ക്കൊപ്പം ഇറച്ചിക്കറിയുടെ ചാറ് കൂടുതലായി നൽകിയില്ലെന്നാരോപിച്ചു ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ 3 പേർ പിടിയിൽ. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ ശിവകുമാർ (27), മുത്തുരാജ് (29), ഉമയാർ തങ്കം (28) എന്നിവരാണ് അറസ്റ്റിലായത്.
നഗരത്തിലെ വസ്ത്രശാലയിലെ ജീവനക്കാരാണ് ഇവർ. ഞായർ രാത്രി ഒൻപതരയോടെ ടിബി റോഡിലുള്ള ബിസ്മി ഹോട്ടലിലാണ് ആക്രമണം നടന്നത്. അസം സ്വദേശി മുഹമ്മദ് മുസ്തഫയ്ക്കാണ് (22) പരുക്കേറ്റത്. ഇയാളെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തമിഴ്നാട് സ്വദേശികളുടെ സംഘത്തിന് പൊറോട്ടയ്ക്ക് 2 തവണ ചാറൊഴിച്ച് നൽകി. വീണ്ടും ആവശ്യപ്പെട്ടപ്പോൾ ചാറ് നൽകാൻ വൈകിയതോടെയാണ് മുഹമ്മദ് മുസ്തഫയ്ക്ക് നേരെ ആക്രമണമുണ്ടായതെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞു.