കൊച്ചി: ഇതരമതസ്ഥനുമായുള്ള പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് ആലുവയില്‍ പതിനാലുകാരിയെ അച്ഛന്‍ വിഷം കുടിപ്പിച്ചും കമ്പിവടികൊണ്ട് മര്‍ദിച്ചും കൊലപ്പെടുത്തി. ചികില്‍സയിലിരുന്ന പെണ്‍കുട്ടി ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് സംഭവമുണ്ടായത്. പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ അച്ഛന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും തയാറാകാത്തതിനെ തുടര്‍ന്ന് ആദ്യം കമ്പി വടികൊണ്ട് അടിക്കുകയും പിന്നീട് നിര്‍ബന്ധമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന കളനാശിനി വായില്‍ ഒഴിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ അമ്മയും ബന്ധുക്കളുമാണ് ആശുപത്രിയിലെത്തിച്ചത്.
അച്ഛന്‍ ബലംപ്രയോഗിച്ച് വിഷം വായില്‍ ഒഴിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിന് മൊഴി നല്‍കി.റിമാൻഡിലായിരുന്ന പ്രതിയെ ആലുവ വെസ്റ്റ് പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.ചോദ്യം ചെയ്തുവരുമ്പോഴാണ് പെണ്‍കുട്ടിയുടെ അന്ത്യം സംഭവിച്ചത്.കളനാശിനി വലിയ അളവില്‍ അകത്ത് ചെന്നതോടെ കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.