മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ മോഷണം നടത്തിയ മൂന്ന് പേര്‍ പിടിയില്‍. കടയില്‍ നിന്നും നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച സംഭവത്തിലാണ് ഇവരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗവര്‍ണറേറ്റിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
അതേസമയം ഒമാനില്‍ തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് 28 പ്രവാസി തൊഴിലാളികള്‍ അറസ്റ്റിലായി. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൊഴില്‍ മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍ മുഖേന മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നിയമം ലംഘിച്ച് പല പ്രവാസി തൊഴിലാളികളും ഇരുമ്പും സ്‌ക്രാപ്പും മറ്റും ശേഖരിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നതായി അധികൃതര്‍ കണ്ടെത്തി.