ഹരിദ്വാറില്‍ 14കാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി കൊന്ന കേസില്‍ ബിജെപി നേതാവും ഉത്തരാഖണ്ഡ് ഒബിസി കമ്മീഷന്‍ അംഗവും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. റൂര്‍ക്കി–ഹരിദ്വാര്‍ ഹൈവേയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഗ്രാമ നേതാവിന്‍റെ ഭര്‍ത്താവും ബിജെപി ഒബിസി മോര്‍ച്ച അംഗവും ഉത്തരാഖണ്ഡ് ഒബിസി കമ്മീഷന്‍ അംഗവും അയാളുടെ കൂട്ടാളിയും ചേര്‍ന്നാണ് തന്‍റെ മകളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി കൊന്നതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.
പരാതിയില്‍ ആദിത്യ രാജ് സൈനി, അമിത് സൈനി എന്നിവര്‍ക്കെതിരെ കേസെടുത്തു. കൊലപാതകം, കൂട്ടബലാല്‍സംഗം, പോക്സോ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തി. കേസ് നിക്ഷ്പക്ഷമായാണ് അന്വേഷിക്കുന്നതെന്നും ഒരു അലംഭാവവും വെച്ചുപൊറുപ്പിക്കില്ലെന്നും ഒരു കുറ്റവാളിയും രക്ഷപെടില്ലെന്നും ഹരിദ്വാര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പ്രമോന്ദ്ര ദോഭാല്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ആദിത്യ രാജ് സൈനിയെ പാര്‍ട്ടിയില്‍ നിന്നും ഒബിസി കമ്മീഷനില്‍ നിന്നും പുറത്താക്കിക്കൊണ്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അദിത്യ കൊതാരി കത്ത് കത്ത് പറത്തുവിട്ടു.
അതേസമയം ബിജെപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവം മരവിപ്പിക്കുന്നതാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നില താളെ തെറ്റിയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വക്താവ് ഗരിമ മെഹ്റ ദസൗനി പറഞ്ഞു. എന്നാല്‍ കേസ് സമഗ്രമായി അന്വേഷിക്കുമെന്ന് ബിജെപി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ നിറമുള്ളതാണെന്നും അന്വേഷണ ഏജന്‍സികളുടെ മനോവീര്യത്തെ തകര്‍ക്കുന്നതാണെന്നും ബിജെപി പറഞ്ഞു.