ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം വ്യാഴാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. ഏറെ നാളായി ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഹൈദരാബാദിൽ ഒരു സ്വകാര്യ ചടങ്ങിൽ നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം ഇന്ന് നടക്കുമെന്ന് ദ ഗ്രേറ്റ് ആന്ധ്ര റിപ്പോർട്ട് ചെയ്യുന്നു. നടനും ചൈതന്യയുടെ പിതാവുമായ നാഗാർജുന വിവാഹനിശ്ചയത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നും ചടങ്ങിന് ശേഷം അവരുടെ ഫോട്ടോകൾ പങ്കിടുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാഗചൈതന്യയുടെ വീട്ടിൽ വെച്ചായിരിക്കും നിശ്ചയചടങ്ങ് നടക്കുകയെന്നും വാർത്തകളുണ്ട്.
തെന്നിന്ത്യൻ നടി സമാന്ത റൂത്ത് പ്രഭുവുമായി വേർപിരിഞ്ഞതിന് ശേഷമാണ് ശോഭിതയുമായുള്ള ഡേറ്റിങ്ങിനെക്കുറിച്ച് വാർത്തകൾ പുറത്ത് വന്നത്. ഇരുവരും അവധിക്കാലം ചെലവഴിച്ചതിന്റെ ഫോട്ടോകളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. അതേസമയം, വിവാഹത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.ഈ വർഷം അവസാനം ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന.
2017 ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. വിവാഹം കഴിഞ്ഞ് നാലുവർഷത്തിന് ശേഷം 2021 ഒക്ടോബറിലാണ് വേർപിരിയൽ വാർത്ത താരങ്ങൾ പങ്കുവെച്ചത്.
സായ് പല്ലവിയ്ക്കൊപ്പം ‘തണ്ടേൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നാഗചൈതന്യ. ദേവ് പട്ടേലിന്റെ ‘മങ്കി മാൻ’ എന്ന ചിത്രത്തിലാണ് ശോഭിത ധൂലിപാല അവസാനമായി അഭിനയിച്ചത്. ദുൽഖർ സൽമാന്റെ നായികയായി കുറുപ്പ് ,മൂത്തോൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും ശോഭിത അഭിനയിച്ചിട്ടുണ്ട്.