അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉൽപ്പന്നമെന്ന നിലയിൽ നെറ്റ്ഫ്ലിക്സിനെതിരെ പോരിനിറങ്ങി റഷ്യ. നെറ്റ്ഫ്ലിക്സിലൂടെ റഷ്യക്കാർക്ക് ലഭിക്കാത്ത വെബ് സീരീസുകളുടെയും സിനിമകളുടെയും വ്യാജ കോപ്പികൾ ഡൗൺലോഡ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് സെക്യൂരിറ്റി കൗൺസിലിലെ റഷ്യൻ ഡെപ്യൂട്ടി സെക്രട്ടറിയായ ദിമിത്രി മെദ്‌വദേവിന്റെ വിചിത്രമായ ഉപദേശം. റഷ്യൻ വാർത്താ ഏജൻസിയായ TASS ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
യുക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യക്കാർക്ക് നെറ്റ്ഫ്ലിക്സിലെ പല സീരീസുകളും സിനിമകളും കാണുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്കിനെ മറികടക്കാനും നെറ്റ്ഫ്ലിക്സിനിട്ട് പണി കൊടുക്കാനുമായാണ് വിചിത്രമായ തന്ത്രവുമായി റഷ്യ രംഗത്തെത്തിയിരിക്കുന്നത്.
സ്വന്തം രാജ്യത്തെ കോപ്പി റൈറ്റ് നിയമങ്ങളെ വരെ ലംഘിച്ചുകൊണ്ട് വെബ് സീരീസുകളുടെയും സിനിമകളുടെയും വ്യാജ കോപ്പികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാനാണ് റഷ്യൻ ഡെപ്യൂട്ടി സെക്രട്ടറി റഷ്യക്കാരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ പേരിൽ ആർക്കെതിരെയും നിയമനടപടി സ്വീകരിക്കില്ലെന്ന പരോക്ഷ സന്ദേശം കൂടിയാണ് ദിമിത്രി മെദ്‌വദേവ് നൽകുന്നതെന്ന് വ്യക്തം.
നെറ്റ്ഫ്ലിക്സ് ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ്. 2021 അവസാനത്തെ കണക്കനുസരിച്ച് 221.8 ദശലക്ഷം ഉപയോക്താക്കളാണ് നെറ്റ്ഫ്ലിക്സിനുള്ളത്. 2021ൽ ഏകദേശം 192,000 റഷ്യക്കാർക്കാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉണ്ടായിരുന്നത്.