കുവൈറ്റ്: നഷ്ടമായി കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെയും മൂല്യങ്ങളുടെയും കഥ പറയുന്ന ഹ്രസ്വചിത്രം ‘വൂംബ്: ദി അൺടോൾഡ് സ്റ്റോറി’ ശ്രദ്ധേയമാകുന്നു. ലഹരിയുടെ ദുരുപയോഗം പുതിയ തലമുറയെ എത്രത്തോളം കീഴ്പ്പെടുത്തുമെന്ന് ഈ ചിത്രം പറയാതെ പറയുന്നുണ്ട്. കുവൈത്തിലെ പ്രവാസികളുടെ കൂട്ടായ്മയിൽ ഒരുക്കിയ ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനിൽ കുമാർ സി. പിള്ളയാണ്.
സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ പുരസ്കാരത്തിൽ മികച്ച ബോധവത്കരണ ചിത്രത്തിനുള്ള പുരസ്കാരം ഈ ചിത്രം നേടിയിരുന്നു. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ജീവിതത്തിൽ ലഹരിയുടെ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന അമ്മയുടെയും മകൻ്റെയും കഥ പറയുന്ന ‘വൂംബ്’ നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുക്കിയതാണ്. അഭിനേതാക്കളുടെ വേറിട്ട പ്രകടനം കൊണ്ട് ഹ്രസ്വചിത്രം ഇതിനകം തന്നെ നവമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
സഞ്ജയ് ചമ്പക്കര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ രചന അനിൽ കുമാർ സി. പിള്ളയാണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അജിത് എസ്. മേനോൻ. ആദർശ് ഭുവനേശ്, ജൂജിന, സിനു മാത്യൂ, അശ്വന്ത്, ഷൈൻ മനോജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.