ഇന്ന് മുപ്പത് വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം വിശ്വനാഥൻ സർ വിരമിക്കുന്ന ദിവസം. ഞങ്ങൾ സഹപ്രവർത്തകരുടെ കാഴ്ചപാടിൽ ഭാഗ്യവാനായ മനുഷ്യൻ. ഭാര്യ കുലീനയായ വീട്ടമ്മ, ഉന്നത വിദ്യാഭ്യാസം നേടി ഉദ്യോഗസ്ഥരായ മക്കൾ, പൈതൃകമായി ലഭിച്ച ഭൂമിയിൽ സ്വന്തമായി വീട് ഒരു സാധാരണ മനുഷ്യൻ്റെ സാഫല്യം നേടിയ ജന്മം.
സഹപ്രവർത്തകർക്കെല്ലാം പ്രിയങ്കരനും മാതൃകയുമായ മിതഭാഷിയും സൗമ്യനുമായ വിശ്വനാഥൻ സർ അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കുവാൻ ഞങ്ങൾ മത്സരിക്കുകയായിരുന്നു. സി വിൽസർവ്വിസിന് അപമാനമായ എത്രപേരെ അഭിമാനം എന്ന് വാഴ്ത്തി യാത്ര അയച്ചിട്ടുണ്ട്. അപ്പോഴൊക്കെ സ്വന്തം മനസ്സാക്ഷിയുടെ പരിഹാസ ചിരിയും കേട്ടിരുന്നു. ഇന്ന് നിറഞ്ഞ മനസ്സോടെ നിർവ്യാജമായ സ്നേഹത്തോടെ ഞങ്ങൾഅദ്ദേഹത്തിന് ആശംസകൾ നേർന്നു.
പ്രസംഗകലയുടെ രസക്കൂട്ട് അറിയുന്ന സാഹിതാഭിരുചിയും വായനാശീലവുമുള്ള അദ്ദേഹത്തിൻ്റെ മറുവാക്കുകൾക്കായി ഞങ്ങൾ കാതോർത്തിരുന്നു .
“എല്ലാ പ്രിയപ്പെട്ടവർക്കും എൻ്റെ വിനീത നമസ്കാരം” അദ്ദേഹം സംസാരിക്കുവാൻ തുടങ്ങി .
“ഈ നിമിഷം എനിക്കായി കാത്തു വച്ച കാലമേ നന്ദി. സർക്കാരാഫിസിൽ നീണ്ട മുപ്പത് വർഷത്തെ സേവനം, അതായിരുന്നോ എൻ്റെ ജന്മനിയോഗം അതോ ഇനിയും എന്ത് നിയോഗമാണ് കാലം എനിക്കായി കാത്തു വച്ചിരിക്കുന്നത്. അറിയില്ല. അതെ എനിക്കറിയില്ല. അതുകൊണ്ടാണ് ജീവിതം ഒരു പ്രഹേളികയാകുന്നത്. അടുത്ത നിമിഷത്തെ പോലും പ്രവചിക്കാൻ കഴിയാത്ത പാവം മനുഷ്യൻ. എന്നിട്ടും അവൻ മത്സര ഓട്ടത്തിലാണ് ആരെയൊക്കയോ തോൽപ്പിച്ച് എന്തൊക്കയോ വെട്ടിപിടിക്കാനുള്ള ദുരമൂത്ത മനസ്സുമായി. പലപ്പോഴും സത്യവും ധർമ്മവും നിക്ഷേധിച്ചു കൊണ്ടുള്ള ഈ പടയോട്ടത്തിൽ വേദനിപ്പിക്കപ്പെടുന്നവർ എത്ര മുറിവേൽപ്പിക്കപ്പെടുന്നവർ എത്ര അവരുടെ ആത്മരോദനം ഒരു ശാപമായി പിൻതുടരും. ഏതൊരു പടയാളിയും കിതച്ച് നിൽക്കുന്ന ഒരു ഘട്ടമുണ്ട് ജീവിതത്തിൽ അന്ന് പിൻതിരിഞ്ഞ് കണക്കെടുക്കുമ്പോൾ ശുദ്ധ ശൂന്യമെന്ന് വേദനയോടെ ബോദ്ധ്യപ്പെടുന്ന നിമിഷം. ഒരു പശ്ചാത്താപത്തിനു പോലും ഇടം കിട്ടാതെ ഈ ലോകം വിട്ടു പോകേണ്ടി വരും . ഇങ്ങനെയാണോ നമ്മൾ ഒരു ജന്മം ജീവിച്ച് തീർക്കേണ്ടത് . ചിന്തിക്കണം”
അദ്ദേഹം തുടരുകയാണ് ഞങ്ങൾ കണ്ണും കാതും തുറന്നിരുന്നു
“ജീവിത നാടകത്തിൽ കെട്ടിയാടിയ വേഷങ്ങൾ എത്ര മകൻ , സഹോദരൻ കൂട്ടുകാരൻ സഹപ്രവർത്തകൻ ഭർത്താവ് ,അച്ഛൻ ഞാൻ വിജയിയോ പരാജിതനോ എന്നെനിക്ക് അറിയില്ല എൻ്റെ ഭാര്യയും മക്കളും ഇവിടെയെത്തിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തി എട്ട് വർഷമായി വിവാഹമെന്ന ബന്ധനത്തിൽപ്പെടുത്തി ഒരു സ്ത്രീയുടെ മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും അതിലുപരി പ്രണയ വസന്തങ്ങൾക്കും വിലക്ക് കല്പിച്ച ക്രൂരതയക്ക് ഞാൻ എൻ്റെ ഭാര്യയോട് മാപ്പ് ചോദിക്കുന്നു. ഓഫിസിൽ എത്തുന്ന എൻ്റെ ബാഗിൽ മുടങ്ങാതെ നിങ്ങൾ കണ്ടിരുന്ന പൊതിച്ചോറ് അടുക്കളയിൽ തളക്കപ്പെട്ട എൻ്റെ ഭാര്യയുടെ കൈപ്പുണ്യമായിരുന്നു. പ്രിയതമേ നന്ദി ”
ആ വാക്കുകളിൽ നർമ്മത്തിൻ്റെ മേമ്പൊടിയെക്കാൾ കുറ്റബോധത്തിൻ്റെ നനവ് ഉണ്ടോ? അദ്ദേഹത്തിൻ്റെ മൊഴി മുത്തുകൾ വീണ്ടും …
“എൻ്റെ ജീവിതത്തിലെ ഏറ്റവും സുന്ദരവും സന്തോഷഭരിതവുമായ ദിവസങ്ങൾ സമ്മാനിച്ച എൻ്റെ മക്കളുടെ ശൈശവബാല്യകാലത്തോട് ഞാൻനന്ദി പറയുന്നു .ഇന്ന് എൻ്റെ ഔദ്യോഗിക ജീവിതത്തിൻ്റെ അവസാന ദിവസം . ഞാൻ സംതൃപ്തനാണ് എനിക്കുറപ്പുണ്ട് ഒരാൾ പോലും എനിക്ക് നേരേ വിരൽ ചൂണ്ടില്ല ” നീ സിവിൽ സർവ്വീസിന് അപമാനം “
ഇന്ന് ഈ നിമിഷം ഒരു ദശാസന്ധിയായി ഞാൻ കാണുന്നു . ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിൽ പലപ്പോഴും നിരാകരിക്കേണ്ടി വന്ന എൻ്റെ കുടുബത്തോടൊപ്പം ശിഷ്ടകാലം ജീവിച്ച് തീർക്കണം .കാലമേ നീ അനുവദിച്ചാൽ .നിങ്ങൾ എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് അതേ ആർദ്രതയോടെ ആത്മാർത്ഥമായി ഞാൻ നന്ദി പറ .. .
അദ്ദേഹത്തിൻ്റെ വാക്കുകൾ മുറിഞ്ഞു .
ഞങ്ങൾ നോക്കി നിൽക്കെ അദ്ദേഹം പുറകിലെക്ക് മറിഞ്ഞു
ആ ദൃഷ്ടികൾ നിശ്ചലമായി
“കാലമേ നീ അനുവദിച്ചാൽ “ആ വാക്കുകൾ ഞങ്ങളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു …