ലണ്ടന്‍: അനധികൃത കുടിയേറ്റം യൂറോപ്പിനെ കീഴടക്കുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇതുസംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങള്‍ പൊളിച്ചേഴുതേണ്ട കാലമായെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി റോമില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കുടിയേറ്റത്തെ ശത്രുക്കള്‍ ആയുധമായി പ്രയോഗിക്കുകയാണ്. ആളുകളെ നമ്മുടെ തീരങ്ങളിലേക്ക് മനഃപൂര്‍വം തള്ളിവിടുന്നത് യൂറോപ്യന്‍ സമൂഹത്തെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടാണെന്നും സുനക് കുറ്റപ്പെടുത്തി. അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ ഇത്തരക്കാരുടെ എണ്ണം വര്‍ധിക്കുകയേയുളളൂവെന്നും സുനക് പറഞ്ഞു.
അനധികൃത കുടിയേറ്റം നമ്മുടെ രാജ്യങ്ങളെയും യഥാര്‍ഥത്തില്‍ സഹായം വേണ്ടവരെ പിന്തുണയ്ക്കാനുള്ള ശേഷിയെയും കീഴടക്കുമെന്നു പറഞ്ഞ സുനക് അഭയാര്‍ഥി നിയമങ്ങളില്‍ പരിഷ്‌കരണമുണ്ടാകണമെന്നും ആവശ്യപ്പെട്ടു. ഇപ്പോള്‍ ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ബോട്ടുകള്‍ ഇനിയും വന്നുകൊണ്ടിരിക്കുമെന്നും കൂടുതല്‍ ജീവനുകള്‍ കടലില്‍ നഷ്ടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുമായുള്ള ചര്‍ച്ചയിലും അനധികൃത കുടിയേറ്റം വിഷയമായെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.