ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ മാവേലിക്കര സ്വദേശി വിനോദ് പിള്ള പീസ് കമ്മീഷണറായി നിയമിതനായി. 25 വർഷത്തിലേറെയായി അയർലൻഡിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ സേവനത്തിനുള്ള അർഹമായ അംഗീകാരമാണിത്. കോൺസുലാർ സേവനങ്ങൾ, കമ്മ്യൂണിറ്റി പരിപാടികൾ, കായിക സംഘടനകളിലെ നേതൃത്വം എന്നിവയിലൂടെ അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിനും ഐറിഷ് സമൂഹത്തിനും ഇടയിൽ ഐക്യവും ധാരണയും വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
കേരള ഹൗസ് അയർലൻഡ് കോഓർഡിനേറ്റർ, നാസ് ക്രിക്കറ്റ് ക്ലബ് ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. നിയമപരമായ പ്രഖ്യാപനങ്ങൾ എടുക്കൽ, രേഖകളിൽ ഒപ്പുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ പ്രധാന ചുമതലകളാണ് പീസ് കമ്മീഷണർ എന്ന നിലയിൽ വിനോദ് പിള്ള നിർവഹിക്കുക. ഭാര്യ രേണു, മക്കളായ ഗായത്രി, പൂജ എന്നിവരുമൊത്ത് ഡബ്ലിനിലാണ് വിനോദ് പിള്ള താമസിക്കുന്നത്.



