ഡബ്ലിൻ: അയർലൻഡിൽ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി വേങ്ങൂർ വക്കുവള്ളി സ്വദേശി തെക്കുംകുടി ബേസിൽ വർഗീസ് (39) ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുഴഞ്ഞുവീണ ഉടനെ സി.പി.ആർ. ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ കുക്കു സജിയാണ് ഭാര്യ. ഒരു കുട്ടിയുണ്ട്. ബേസിലിന്റെ അപ്രതീക്ഷിതമായ വേർപാടിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. തുടർനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിൽ സംസ്കരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി പ്രാദേശിക മലയാളി സമൂഹം അറിയിച്ചു.



