ലണ്ടൻ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെയും സുമൂദ് ഫ്ലോട്ടില്ലയിലെ സന്നദ്ധപ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും യൂറോപ്പിലങ്ങോളം ഫലസ്തീൻ ഐക്യദാർഢ്യ റാലികളുടെ അലയൊലി. ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ യൂറോപ്യൻ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളായി നടന്നുവരുന്ന റാലികളിൽ വൻ ജനാവലിയാണ് അണിനിരക്കുന്നത്.
ഗസ്സയിലേക്ക് ദുരതാശ്വാസ സാമഗ്രികളുമായി പോയ നാൽപതിലേറെ വരുന്ന, ബോട്ടുകളും ചെറുകപ്പലുകളുമടങ്ങുന്ന ഫ്ലോട്ടില്ല മെഡിറ്ററേനിയനിൽ തടഞ്ഞ് യാത്രാസംഘത്തെ തടവിലാക്കിയതിനെ തുടർന്ന് ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ തുടർച്ചയായി നാലാം ദിവസവും അരങ്ങേറിയ പ്രതിരോധ റാലിയിൽ രണ്ടര ലക്ഷം പേർ പങ്കെടുത്തതായി പൊലീസ് പറഞ്ഞു.
‘‘റാലിയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾ, ‘‘ഞങ്ങൾ ഫലസ്തീനികൾ’’, ‘‘സ്വതന്ത്ര ഫലസ്തീൻ’’, ‘‘വംശഹത്യ അവസാനിപ്പിക്കൂ’’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് ഫലസ്തീൻ പതാകയുമേന്തി അണിനിരന്നു. പലരും ഫലസ്തീൻ പ്രതീകമായ ‘കഫിയ്യ’യും അണിഞ്ഞിരുന്നു.
സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ 70,000ത്തിലധികം പേർ പങ്കെടുത്തുവെന്നാണ് പൊലീസ് കണക്ക്. തലസ്ഥാനമായ മഡ്രിഡിൽ 92,000 പേരുടെ റാലിയും നടന്നു.



