അഡലെയ്ഡ്: ഓസ്ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വിചിത്ര വാദവുമായി ഭർത്താവ്. കഴിഞ്ഞ ഡിസംബറിലാണ് നോർത്ത് ഫീൽഡ് സബർബിലെ താമസക്കാരനായ വിക്രാന്ത് താക്കൂർ (42) ഭാര്യ സുപ്രിയ താക്കൂറിനെ (36) കൊലപ്പെടുത്തിയത്. ഇയാളെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഡലെയ്ഡ് മജിസ്ട്രേറ്റ് കോടതിയിൽ ഭാര്യയെ കൊന്നു എന്ന് സമ്മതിച്ച പ്രതി പക്ഷേ, കൊലപാതകത്തിൽ താൻ കുറ്റക്കാരനല്ലെന്ന വിചിത്ര വാദമാണ് ഉന്നയിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജനുവരി 14-നാണ് വിക്രാന്ത് താക്കൂറിനെ രണ്ടാമതും കോടതിയിൽ ഹാജരാക്കിയത്. ഈ സമയത്താണ് അഭിഭാഷകന്റെ ഉപദേശപ്രകാരം, തന്റെമേൽ നരഹത്യാ കുറ്റം ചുമത്തിക്കൊള്ളൂ എന്നും കൊലപാതകത്തിൽ കുറ്റക്കാരനല്ലെന്നും താക്കൂർ വാദിച്ചത്.
ഓസ്‌ട്രേലിയയിലെ നിയമപ്രകാരം കൊലപാതകം ഗുരുതരമായ കുറ്റമാണെങ്കിലും അത് മനപ്പൂർവമല്ലെങ്കിൽ ഗുരുതര കുറ്റമായി കണക്കാക്കില്ല. ഒരാൾ മനപ്പൂർവമല്ലാതെ ഒരാളുടെ മരണത്തിന് കാരണമാകുകയാണെങ്കിൽ അത് മനപ്പൂർവമല്ലാത്ത നരഹത്യയായേ കണക്കാക്കൂ.
ഡിസംബർ 21-നായിരുന്നു കേസിന് ആസ്പദമായ സംഭവം. രാത്രി എട്ടരയോടെ അഡലെയ്ഡിലെ നോർത്ത് ഫീൽഡിലെ വെസ്റ്റ് അവന്യൂവിലുള്ള ഇവരുടെ വസതിയിൽ ഗാർഹിക പീഡനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഇവിടേക്കെത്തുന്നത്. പോലീസ് എത്തുമ്പോൾ സുപ്രിയയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻതന്നെ സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.



