ഫ്രാങ്ക്ഫർട്ട് : ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ കുഴഞ്ഞുവീണ് മരിച്ച മലയാളി നഴ്സ് ആലപ്പുഴ തത്തംപള്ളി കുഴുവേലിക്കത്തുചിറയിൽ ജോബി കുര്യന്റെ (40) മൃതദേഹം നാളെ (നവംബർ 9) നാട്ടിലെത്തിക്കും. സംസ്കാരം നവംബർ 10ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തത്തംപള്ളി സെന്റ് മൈക്കിൾ പള്ളിയിൽ നടത്തി.
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിന് സമീപം ലാങ്ങനിൽ കുടുംബമായി താമസിച്ചിരുന്ന ജോബി കുര്യൻ കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു മരിച്ചത്. അടിയന്തര ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ജോബിയുടെ ആഗ്രഹപ്രകാരം അവയവങ്ങൾ ദാനം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.
ആലപ്പുഴ തത്തംപള്ളി സ്വദേശിയാണ് ജോബി കുര്യൻ. ബെംഗളൂരു റൂഹി കോളജ് ഓഫ് നഴ്സിങ്ങിലെ പൂർവ്വ വിദ്യാർഥിയാണ്. ജർമനിയിൽ എത്തും മുൻപ് കൊൽക്കത്ത, ലിബിയ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. ഭാര്യ നിവ്യ ജോബിയും ജർമനിയിൽ നഴ്സ് ആണ്. ജോവാന ജോബി ആണ് ഏക മകൾ. പരേതനായ എം. ജെ. കുര്യൻ (ജോയിച്ചൻ), ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.



