ലണ്ടൻ: ബ്രിട്ടനിൽ സ്ഥിരതാമസത്തിനുള്ള അനുമതി (ഇൻഡെഫനിറ്റ് ലീവ് ടു റിമെയ്ൻ – ഐഎൽആർ)ക്ക് അപേക്ഷിക്കാനുള്ള യോഗ്യതാ കാലാവധി ഇരട്ടിയാക്കുന്ന നിർദേശം സർക്കാർ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള രാജ്യാന്തര കുടിയേറ്റക്കാർ ഐഎൽആർ ലഭിക്കാൻ കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും.
നിലവിൽ അഞ്ചുവർഷമാണു കാലാവധി. പുതിയ നയപ്രകാരം കുറഞ്ഞ ശമ്പളമുള്ള ജോലിക്കാർ 15 വർഷം വരെയും നികുതിദായകരുടെ പണം കൊണ്ടുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവർ 20 വർഷം വരെ കാത്തിരിക്കണം. അതേസമയം, എൻഎച്ച്എസ് ഡോക്ടർമാർ, നഴ്സുമാർ, മുൻനിര മേഖലകളിലെ വിദഗ്ധർ, ഉയർന്ന വരുമാനക്കാർ, സംരംഭകർ എന്നിവർക്ക് 5 വർഷമോ അതിൽ കുറഞ്ഞ കാലാവധിയിലോ അപേക്ഷിക്കാവുന്ന ഫാസ്റ്റ് ട്രാക്ക് ഐഎൽആറും നിലവിൽവരും.



