ലണ്ടൻ: യുകെയിലെ നോട്ടിങ്ങാമിൽ നിന്നും മലയാളി ഗൃഹനാഥനെ കാണാതായതായി പൊലീസ്. കോട്ടയം സ്വദേശിയായ സ്റ്റീഫൻ ജോര്‍ജി(47)നെയാണ് കാണാതായത്. കഴിഞ്ഞ മൂന്നു ദിവസമായി ഇദ്ദേഹം വീട്ടില്‍ എത്തിയിട്ടില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും അന്വേഷണം നടത്തുന്നുവെങ്കിലും സ്റ്റീഫനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് നോട്ടിങ്ങാംഷർ പൊലീസ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സ്റ്റീഫൻ ജോർജിനെ കണ്ടെത്തുന്നവർ വിവരം അറിയിക്കണം എന്ന് അഭ്യർഥിച്ച് അറിയിപ്പ് നൽകിയത്.
ജോർജ് പോകാൻ ഇടയുള്ള മുഴുവന്‍ സ്ഥലങ്ങളിലും കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയിട്ടും വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. തുടർന്നാണ് പൊലീസ് പൊതുജന സഹായം തേടി സ്റ്റീഫൻ ജോര്‍ജിനെക്കുറിച്ചുള്ള വിവരങ്ങള്‍ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചത്. നോട്ടിങ്ങാമിലെ പീത്‌സ ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്ന സ്റ്റീഫൻ ജോർജ് പതിവ് പോലെ ഞായറാഴ്ച ജോലിക്കായി സൈക്കിളില്‍ വീട്ടിൽ നിന്നും പോയതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാല്‍ ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് ഫാക്ടറി ജീവനക്കാർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നടത്തിയ അന്വേഷണങ്ങൾക്ക് ശേഷം പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. ഒക്‌ടോബർ 19ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്റ്റീഫൻ ജോർജിനെ വെസ്റ്റ് ബ്രിഡ്‌ഫോർഡ് ഏരിയയിൽ നിന്ന് കാണാതായതെന്നും കണ്ടെത്തുന്നവർ സംഭവ നമ്പർ 0441_20102025 ഉദ്ധരിച്ച് 101-ൽ ബന്ധപ്പെടണമെന്നും നോട്ടിങ്ങാംഷർ പൊലീസ് അറിയിച്ചു.



