ലാർക്ക്ഹിൽ ക്യാംപ്: യുവ സൈനിക ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ സഹപ്രവർത്തകന് ശിക്ഷ. 2021ൽ വിൽറ്റ്ഷെയറിലെ ലാർക്ക്ഹിൽ ക്യാംപിൽ ആർട്ടിലറി ഗണ്ണർ ജെയ്‌സ്ലി ബെക്ക് (19) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് റയാൻ മേസൺ എന്ന സഹപ്രവർത്തകനെ സിവിലിയൻ ജയിലിൽ ആറു മാസത്തെ തടവിന് ജഡ്ജ് അഡ്വക്കേറ്റ് ജനറൽ അലൻ ലാർജും മിലിട്ടറി ബോർഡും ശിക്ഷിച്ചിരിക്കുന്നത്.
വിചാരണ ഒഴിവാക്കാനായി പ്രതി കുറ്റം സമ്മതിച്ചിരുന്നു. പ്രതി ജെയ്‌സ്ലി ബെക്കിനെ ചുംബിക്കാൻ ശ്രമിക്കുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതി നൽകിയ ശേഷമാണ് യുവതി ജീവനൊടുക്കിയത്.
അതേസമയം, പ്രതിക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് ജെയ്സ്ലിയുടെ അമ്മ ലെയ്ഗൻ മക്രെഡി ആരോപിച്ചു. മകൾക്ക് നീതി ലഭിച്ചില്ല. സൈന്യം ‘പൊള്ളയായ വാഗ്ദാനങ്ങളാണ്’ നൽകിയത്. സൈന്യം യുവതികൾക്ക് സുരക്ഷിതമായ സ്ഥലമല്ല. പ്രതി ആറു മാസം തടവ് ശിക്ഷ അനുഭവിക്കുമ്പോൾ ജീവപര്യന്തം തടവിൽ ജീവിക്കുന്നത് ഞങ്ങളാണ് എന്ന് ലെയ്ഗൻ കൂട്ടിച്ചേർത്തു.



