വലെൻസിയ: രണ്ട് വർഷം പതിവായി ജോലിക്ക് 40 മിനിറ്റ് നേരത്തെ ഓഫിസിലെത്തിയിരുന്ന ജീവനക്കാരിയെ പുറത്താക്കിയ തൊഴിലുടമയുടെ നടപടി ശരിവച്ച് കോടതി. 22 വയസ്സുള്ള യുവതിയാണ് തന്നെ അന്യായമായി പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് തൊഴിലുടമയ്ക്കെതിരെ കോടതിയെ സമീപിച്ചത്.
രാവിലെ 7.30നാണ് യുവതിയുടെ ഷിഫ്റ്റ് ആരംഭിച്ചിരുന്നത്. പക്ഷേ ജീവനക്കാരി രണ്ട് വർഷത്തോളമായി രാവിലെ 6.45നും 7നും ഇടയിൽ 40 മിനിറ്റ് നേരത്തെ ഓഫിസിലെത്തിയിരുന്നു. ആ സമയത്ത് ജോലിയൊന്നും ചെയ്യാനില്ലാത്തതിനാൽ നേരത്തെ വരേണ്ടെന്ന് പല തവണ തൊഴിലുടമ നിർദേശിച്ചിരുന്നു. പക്ഷേ, തുടർച്ചയായി യുവതി തൊഴിലുടമയുടെ നിർദേശം അവഗണിച്ചിരുന്നു. ഇതേ തുടർന്നാണ് യുവതിയെ മോശം പെരുമാറ്റത്തിന്റെ പേരിൽ തൊഴിലുടമ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
തന്റെ പിരിച്ചുവിടൽ അന്യായമാണെന്ന് ആരോപിച്ച് സ്ത്രീ സ്പെയിനിലെ അലികാന്റെയിലെ സോഷ്യൽ കോടതിയെ സമീപിക്കുകയായിരുന്നു. ഒന്നിലധികം തവണ വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മുന്നറിയിപ്പുകൾ നൽകിയിട്ടും യുവതി നേരത്തെ എത്തിയിരുന്നതായി തൊഴിലുടമ കോടതിയെ അറിയിച്ചു. കമ്പനി ക്യാംപസിൽ എത്തുന്നതിന് മുമ്പുതന്നെ കമ്പനി ആപ്പ് വഴി 19 സന്ദർഭങ്ങളിൽ യുവതി ലോഗിൻ ചെയ്യാൻ ശ്രമിച്ചത് വിശ്വാസ വഞ്ചനയാണെന്നാണ് തൊഴിലുടമ കോടതിയിൽ അറിയിച്ചത്.
ജോലിസ്ഥലത്തെ നിയമങ്ങൾ പാലിക്കാൻ യുവതി വിസമ്മതിച്ചതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. സ്പാനിഷ് തൊഴിലാളി നിയമത്തിലെ ആർട്ടിക്കിൾ 54 ലംഘിച്ചതായി കണ്ടെത്തിയാണ് കോടതി യുവതിയെ പിരിച്ചുവിട്ട തീരുമാനം ശരിവച്ചത്.



