ബസുകളിലുള്‍പ്പെടെ നിരവധി വാഹനങ്ങളില്‍ ഇന്ന് ഡബിള്‍ ഡെക്കര്‍ സംവിധാനമുണ്ട്. ട്രെയിനുകളിലടക്കം ഇത്തരം ഡബിള്‍ ഡെക്കറുകള്‍ കാലം മാറുന്നതിനനുസരിച്ച് വരുന്നുണ്ടെങ്കിലും വിമാനത്തിന്റെ കാര്യത്തില്‍ ഇത് സാധ്യമാണോ? ആണെന്ന് തെളിയിക്കുകയാണ് ജര്‍മനിയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് മാത്രം.
ജര്‍മനിയില്‍ നടന്ന എയര്‍ക്രാഫ്റ്റ് എക്‌സ്‌പോയിലാണ് അലജാന്‍ഡ്രോ ന്യുനെസ് വിസെന്റെ രൂപകല്‍പ്പന ചെയ്ത ഈ ഡബിള്‍ ഡെക്കര്‍ വിമാനത്തിന്റെ മാതൃക പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിമാനത്തിന്റെ മാതൃക സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സമ്മിശ്ര അഭിപ്രായങ്ങളാണ് വരുന്നത്. വിമാനത്തില്‍ ഡബിള്‍ ഡെക്കര്‍ സംവിധാനം ഒരുക്കുന്നത് തീരെ സുരക്ഷിതമായിരിക്കില്ലെന്നും ഇത് ജീവന് അപകടമാകുമെന്നുമാണ് പലരുടെയും വിമര്‍ശനം.
അടിയന്തര ഘട്ടങ്ങളില്‍ ഈ സംവിധാനം ഒരിക്കലും പ്രയോജനം ചെയ്യില്ലെന്ന് മാത്രമല്ല, എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ജീവന് ഭീഷണിയാകുന്നതാണ് ഈ സീറ്റിങ് രീതി. വിമാനത്തിന് തീ പിടിക്കുകയോ പുക വരികയോ മറ്റോ ഉണ്ടാകുമ്പോള്‍ യാത്രക്കാരെ ഒഴിപ്പിക്കാനുള്ള പരമാവധി സമയം 90 സെക്കന്റ് മാത്രമാണ്. ഇത്തരം അസംബന്ധം നടപ്പിലാക്കരുതെന്നും ഉപയോക്താക്കള്‍ പറയുന്നു. അതേസമയം വിമാനത്തിലെ ഡബിള്‍ ഡെക്കര്‍ ഒരു മാതൃക മാത്രമായി കണ്ടാല്‍ മതിയെന്നാണ് ചിലരുടെ അഭിപ്രായം.