നോർത്ത് വെൽസ് : ഫ്ലിന്‍റ് മലയാളി അസോസിയേഷന്‍റെ (FMA) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി ആഘോഷിച്ചു.ഫ്ലിന്‍റ് മലയാളികൾ ഒന്ന് ചേർന്ന് ക്രിസ്മസും ന്യൂ ഇയറും ആഘോഷിച്ചു. വർണ്ണങ്ങൾ വിരിഞ്ഞ രാവിൽ സമ്മാനങ്ങളുമായി എത്തിയ സാന്താക്ലോസ് ആഘോഷത്തിന് മിഴിവ് പകർന്നു. എഫ്എംഎയുടെ എക്സിക്യൂട്ടീവ് മെമ്പർ നോബിൾ തോമസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും ഫാ. ടോം ജേക്കബ് ബ്രിസ്റ്റോൾ (നോർത്ത് വെയിൽസ് സെന്‍റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്) മുഖ്യ പ്രഭാഷണം നടത്തുകയും അംഗങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.
സാന്താക്ലോസും FMAയുടെ സ്ഥാപകരും ആദ്യകാല ഫ്ലിന്‍റ് മലയാളികളുമായ ജോസ് തച്ചിൽ, എബി കുര്യൻ, സജി ജോർജ്, അനീഷ് കരുണാകരൻ, ജയ് ജോൺ എന്നിവർ കുടുംബ സമേതം ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചുകൊണ്ട് ആഘോഷരാവ് ഉദ്ഘടനം ചെയ്തു. ആദ്യ ക്രിസ്മസ് ആഘോഷിക്കുന്ന കുട്ടികൾക്ക് സാന്താക്ലോസ് സമ്മാനങ്ങൾ നൽകി. അസോസിയേഷനിലെ ഗായകരും ഗായികമാരും ചേർന്ന് ആലപിച്ച ഗാനങ്ങളും, കരോൾ ഗാനങ്ങളും ആസ്വാദകർക്ക് മനോഹരമായ ഓർമ്മയാണ് സമ്മാനിച്ചത്.
വൈവിധ്യങ്ങളായ കലാപരിപാടികൾ കുട്ടികളും മുതിർന്നവരും അണിയിച്ചൊരുക്കിയത് ആഘോഷങ്ങളുടെ മധുരം ഇരട്ടിയാക്കി.നൃത്ത ചുവടുകളുമായി ദമ്പതികൾ സ്റ്റേജിൽ മിന്നും പ്രകടങ്ങൾ കാഴ്ച വച്ചു.നാവിൽ രുചിയൂറും വിഭവങ്ങളും, ലൈവ് ഫുഡ് കൗണ്ടറുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന് ഡി ജെയോടു കൂടി പരിപാടികൾ ഗംഭീരമായി സമാപിച്ചു.
അതോടപ്പം തന്നെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തുകയും, വരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സജി ജോർജ് അനുമോദന പ്രസംഗം നടത്തി. അന്നേ ദിവസം നടത്തിയ റാഫിൾ ടിക്കറ്റ് വിജയികൾക്ക്,കൂടാതെ കലാപരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്തവർക്ക് എക്സിക്യൂട്ടീവ് അംഗം ജോസ് തച്ചിൽ നന്ദി പറഞ്ഞു.