സോമർസെറ്റ് : ബ്രിട്ടനിൽ സ്വവർഗ വിവാഹം 2013 മുതൽ നിയമവിധേയമാണെങ്കിലും സ്വവർഗ അനുരാഗികളെ തങ്ങളുടെ പള്ളികളിൽ വച്ച് വിവാഹം കഴിക്കാൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് അനുവദിക്കില്ല. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം എന്ന പഠിപ്പിക്കലിൽ ഉറച്ചുനിൽക്കുമെന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിസ്തീയ സഭകളിൽ ഒന്നായ ചർച്ച് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു.
ലൈംഗികതയെയും വിവാഹത്തെയും കുറിച്ചുള്ള ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആറ് വർഷത്തെ കൂടിയാലോചനയ്ക്ക് ശേഷമാണ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്. ജനറൽ സിനഡ് എന്നറിയപ്പെടുന്ന സഭയുടെ ഭരണസമിതിയുടെ മൂന്ന് ഭാഗങ്ങളിൽ ഒന്നായ ബിഷപ്പുമാരാണ് ഇത്തരം ഒരു നിർദ്ദേശം മുന്നോട്ടു വച്ചത്.
സ്വവർഗ ദമ്പതികൾക്ക് ഒരു സിവിൽ വിവാഹത്തിന് ശേഷം ചർച്ച് ഓഫ് ഇഗ്ലണ്ടിന്റെ പള്ളികളിൽ ആരാധനകളിൽ പങ്കെടുക്കുന്നതിന് വിലക്കില്ല. ലോകത്തെ165 ലധികം രാജ്യങ്ങളിലായി 85 ദശലക്ഷത്തിലധികം ആളുകളെ പ്രതിനിധീകരിക്കുന്ന വിശാലമായ ആംഗ്ലിക്കൻ കൂട്ടായ്മയാണ് ബ്രിട്ടൻ കേന്ദ്രമായുള്ള ചർച്ച് ഓഫ് ഇംഗ്ലണ്ട്.