റോം: ആലപ്പുഴ രൂപതാ പ്രവാസിക്കൂട്ടായ്മ ഇറ്റലി യൂണിറ്റിന്റെ നേതൃത്വത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു. തിരുനാൾ ദിവസം രാവിലെ റോമിലെ കൊളേജിയോ ഉർബാനിയാനയിൽ നടന്ന ദിവ്യബലിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. തിരുനാൾ ദിവ്യബലിക്ക് ഫാ. രാജൻ ഫൗസ്റ്റോ മുഖ്യകർമ്മികത്വം വഹിച്ചു.. ഫാ. ജോയ്സൺ ചൂതംപറമ്പിൽ വചനപ്രഘോഷണം നടത്തി.
ഫാ. സോണി പനയ്ക്കൽ, ഫാ. ജോർജ് കടവുങ്കൽ, ഫാ. സെബാസ്റ്റ്യൻ, ഫാ. ജംലാൽ, ഫാ. ഹെൽവിസ്റ്റ് റോസാരിയോ, ഫാ. നെയ്ൽ, ഫാ. ആന്റണി സെബാസ്റ്റ്യൻ, ഫാ. ജോൺ ഡാൽ, ഫാ. ജൂഡ് ജോബി, ഫാ. ജോമെറ്റ്, ഫാ. വിപിൻ മിൽട്ടൺ, ഫാ. കാഷ്മീർ, ഫാ. അജിത് തുടങ്ങിയവർ സഹകാർമികരായി.
ദിവ്യബലിക്കു മുന്നോടിയായി, നാട്ടിൽനിന്ന് എത്തിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പ്രദക്ഷിണമായി എഴുന്നള്ളിച്ച് അൽത്താരയിൽ പ്രതിഷ്ഠിച്ചു. മലയാളികളോടൊപ്പം വിദേശിയരായ നിരവധി വിശ്വാസികളും ചടങ്ങിൽ അണിചേർന്നു.
മലയാളികളുടെ ഐക്യത്തിന്റെയും സഹകരണമനോഭാവത്തിന്റെയും പ്രതീകമായി സ്നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു. പ്രതികൂലമായ കാലാവസ്ഥയിലും തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് ചടങ്ങ് മനോഹരമാക്കുകയും വിജയിപ്പിക്കുകയും ചെയ്ത എല്ലാവർക്കും ആലപ്പുഴ ഇന്റർനാഷണൽ മൈഗ്രന്റ് ഇറ്റലി യൂണിറ്റ് പ്രസിഡന്റ് മാഗി മാർക്ക്, സെക്രട്ടറി സിബിൾ റോസ്, ട്രഷറർ പ്രവീൺ ലൂയിസ്, കോർ ടീം അംഗങ്ങൾ എന്നിവർ നന്ദി പറഞ്ഞു.