റോം : ഇറ്റലിയിലെ തെക്കൻ കലാബ്രിയ മേഖലയിൽ കൊടുംകാറ്റിൽപ്പെട്ടു ബോട്ടുമുങ്ങി പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 61 അഭയാർഥികൾ മരിച്ചു. നിരവധിപേരെ കാണാതായിട്ടുണ്ട്. 80 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് സൂചനകൾ. ഇരുന്നൂറോളം അനധികൃത കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് തീരത്തിനടുത്തുള്ള പാറകൂട്ടത്തിൽ ഇടിച്ചു തകരുകയായിരുന്നുവെന്ന് കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിൽപ്പെട്ടവർ അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നുമുള്ളവരാണെന്നാണ് അധികൃതർ നൽകുന്ന വിവരം.
കടൽത്തീരത്ത് 100 മീറ്റർ ചുറ്റളവിൽ, തകർന്ന ബോട്ടിന്റെ തടി അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതിന്റെ ചിത്രങ്ങൾ ഇറ്റാലിയൻ പൊലീസ് പുറത്തുവിട്ടു. രക്ഷപെട്ടവരെ സമീപത്തുള്ള കുടിയേറ്റ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. സംഭവം ഏറെ ദുഃഖകരമാണെന്നും മോശം കാലാവസ്ഥയിൽ പരിധിയിലധികം ആളുകളുമായി ബോട്ട് കടലിൽ ഇറക്കിയത് കുറ്റകരമാണെന്നും പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. അനധികൃത കുടിയേറ്റങ്ങൾ തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യാതിർത്തിയിൽ കുടിയേറ്റക്കാർ പുറപ്പെടുന്ന സ്ഥലങ്ങളിലുള്ള പ്രാദേശിക ഭരണകൂടങ്ങളുടെ വലിയ സഹകരണം ഇതിന് ആവശ്യമാന്നും അവർ പറഞ്ഞു.
മരണമടഞ്ഞവർക്കും കാണാതായവർക്കും അപകടത്തെ അതിജീവിച്ച മറ്റുള്ളവർക്കും വേണ്ടി പ്രാർഥിക്കുന്നതായി ഫ്രാൻസിസ് പാപ്പ പറഞ്ഞു. യുദ്ധം, പീഡനം, ദാരിദ്ര്യം തുടങ്ങി കുടിയേറ്റത്തിന്റെ കാരണങ്ങളെ ഇല്ലാതാക്കാൻ രാജ്യാന്തര സമൂഹത്തിൽ നിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറ്റാലിയൻ തീരങ്ങളിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുമെന്ന് വാഗ്ദാനം നൽകിയാണ് പ്രധാനമന്ത്രി ജോർജിയ മെലോണി അധികാരത്തിലെത്തിയത്. അതുകൊണ്ടുതന്നെ അപകടത്തിന്റെ പശ്ചാത്തലത്തിൽ അനധികൃത കുടിയേറ്റങ്ങൾക്കെതിരെ ഇറ്റലിയിൽ കർശന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.