ഹെൽസിങ്കി: ഫിൻലൻഡുകാരുടെ മേയ് ദിന ആഘോഷങ്ങൾ രണ്ടു ദിനമുണ്ട്. ‘വപ്പു ദിനം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ നാട്ടിലെ ചെറുപ്പക്കാരും പ്രായമായവരും തങ്ങളുടെ ബിരുദചടങ്ങിൽ ലഭിക്കുന്ന വെള്ളതൊപ്പിയും അണിഞ്ഞുകൊണ്ടു പാർക്കിലേക്ക് ഇറങ്ങുന്ന ദിനം.
ഹെൽസിങ്കിയിലെ മേയ് ദിന ആഘോഷങ്ങളുടെ ഔദ്യോഗികവും പരമ്പരാഗതവുമായ തുടക്കം ഏപ്രിൽ 30നു ആരംഭിക്കുന്നു. വൈകിട്ട് നഗരത്തിലെ ഹവിസ് അമാൻഡയുടെ പ്രതിമ കഴുകി തൊപ്പി അണിയിക്കുന്ന ചടങ്ങുണ്ട്.
ആൾട്ടോ സർവകലാശാലയിലെ വിദ്യാർഥികളാണ് ഇതു നിർവഹിക്കുന്നത്. 112 വർഷം പഴക്കമുള്ള ഈ പ്രതിമ രാജ്യത്തെ പ്രധാന കായിക നേട്ടങ്ങൾ ഉൾപ്പെടെ നിരവധി ഫിന്നിഷ് ആഘോഷങ്ങളുടെ കേന്ദ്രമാണ്.
അന്നേ ദിവസം വിദ്യാർഥി യൂണിയൻ അംഗങ്ങൾ, തങ്ങളുടെ സർവകലാശാലയുടെ നീണ്ട പുറം കുപ്പായം ധരിക്കുന്നു. ഒരു വലിയ തൊപ്പി ഹവിസ് അമാൻഡ പ്രതിമയുടെ തലയിൽ അണിയിക്കുന്നു.
ആയിരക്കണക്കിന് ആളുകളാണ് ഈ ചടങ്ങിന് ഹെൽസിങ്കിയിൽ ഇത്തവണ ഒത്തുകൂടിയത്. ആബാല വൃദ്ധം ജനങ്ങളും ‘വപ്പു’ ആഘോഷങ്ങളിൽ പങ്കു ചേരുമെങ്കിലും ഇത് പൊതുവെ സർവകലാശാല വിദ്യാർഥികളുടെ ആഘോഷമാണ്.
‘സീമ’ എന്ന പ്രത്യേകതരം പാനീയവും ‘മുൻകി’, ‘തിപ്പ ലെയ്‌പ്പ’ എന്നീ പലഹാരങ്ങളും പരമ്പരാഗത ഫിന്നിഷ് ‘വപ്പു’ വിഭവങ്ങളാണ്. കുട്ടികൾക്ക് പ്രത്യേകം ‘വപ്പു’ ബലൂണുകളുമുണ്ട്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും പാർക്കിലിരുന്നു പിക്‌നിക് ചെയ്തും ഈ ദിനം ആഘോഷിക്കുന്നു. ഹെൽസിങ്കിയിലേതുപോലെ രാജ്യത്തിലെ മറ്റു നഗരങ്ങളിലും സമാന ചടങ്ങുകളുണ്ട്.
19–ാം നൂറ്റാണ്ടിൽ മേയ് ദിന ആഘോഷങ്ങളിലാണ് വെള്ളത്തൊപ്പി അണിയുന്ന ഈ ഫിന്നിഷ് സംസ്‌കാരം ഉടലെടുത്തത്. ‘വപ്പു’ എന്ന ഫിന്നിഷ് നാമം ഉത്ഭവിച്ചത് എട്ടാം നൂറ്റാണ്ടിലെ വാൽപുർഗിസ് എന്ന ജർമ്മൻ വിശുദ്ധനിൽ നിന്നാണ്.