ലണ്ടൻ : ബ്രിട്ടനിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളിയായ സ്ഥാനാർഥി ബിബിൻ ബേബി (ബിബിൻ കുഴിവേലി) വിജയിച്ചു. ലേബർ പാർട്ടി സ്ഥാനാർഥിയായി നോര്‍ഫോള്‍ക് കൗണ്ടിയിലെ ബ്രോഡ്‌ലാൻഡ് ജില്ലാ കൗൺസിലിലേക്കാണ് ബിബിൻ മത്സരിച്ചത്. മലയാളികൾ മത്സരിച്ച മറ്റിടങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആകെ 18 മലയാളികളാണ് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ മത്സരിച്ചത്.
രണ്ടാം തവണയാണ് ബിബിൻ ബ്രോഡ്‌ലാൻഡ് ജില്ല കൗൺസിലിലേക്ക് ജനവിധി തേടുന്നത്. ഇത്തവണ ലേബർപാർട്ടിക്ക് ജയസാധ്യത കൂടതലുള്ള സ്പ്രോസ്‌റ്റൺ ഈസ്റ്റ് വാർഡിൽ നിന്ന് മത്സരിക്കാനായിരുന്നു ലേബർ പാർട്ടി നിർദ്ദേശം. ഒപ്പം ടൗൺ കൗൺസിലിൽ സൗത്ത് ഈസ്റ്റ് വാർഡിൽ നിന്നും മത്സരിക്കാനും നിർദ്ദേശം ലഭിച്ചു. ടൗൺ കൗൺസിൽ വാർഡിന്റെ ഫലം യുകെ സമയം വൈകുന്നേരത്തോടെ അറിയുകയുള്ളു.
സ്പ്രോസ്‌റ്റൺ ഈസ്റ്റ് വാർഡിൽ നിന്നും മത്സരിച്ച ബിബിൻ 957 വോട്ടുകൾ നേടി. ഒപ്പം ഉണ്ടായിരുന്ന ലേബർ സ്ഥാനാർഥി മാർട്ടിൻ ബൂത്ത് 1017 വോട്ടുകൾ നേടി വിജയിച്ചു. ഇരുവരും കൺസർവേറ്റീവ് സ്ഥാനാർഥികളെക്കാൾ 200 വോട്ടുകളോളം അധികം നേടിയാണ് വിജയിച്ചത്. ബ്രോഡ്‌ലാൻഡ് ജില്ല കൗൺസിലിൽ ആകെ 47 കൗൺസിലർമാരാണ് ഉള്ളത്. ഇതിൽ ഫലം പുറത്തു വന്നവയിൽ 10 സീറ്റ് കൺസർവേറ്റീവ് പാർട്ടിയും 6 സീറ്റ് ലേബർ പാർട്ടിയും നേടി. ലിബറൽ പാർട്ടി 4 സീറ്റുകളാണ് നേടിയത്.
ലേബർ പാർട്ടി സ്ഥാനർഥികളായി നോര്‍ഫോള്‍ക് കൗണ്ടിയിലെ ബ്രോഡ്‌ലാൻഡ് ജില്ലാ കൗൺസിലിലേക്ക് വിജയിച്ച ബിബിൻ ബേബിയും മാർട്ടിൻ ബൂത്തും.
ലേബർ പാർട്ടി ദേശീയ സമ്മേളനത്തിൽ നോർത്ത് നോർവിച്ച് നിയോജക മണ്ഡലത്തിൽ നിന്നുള്ള ഇലക്റ്റഡ് ഡെലിഗേറ്റായി പങ്കെടുത്ത ബിബിന് ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ കീർ സ്റ്റാംമെറിനൊപ്പം വേദി പങ്കിടാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി നോർവിച്ച്, നോർഫോൾക്ക് മേഖലകളിൽ നടത്തിയ സജീവമായ ലേബർ പാർട്ടി പ്രവര്‍ത്തനങ്ങളുടെ അംഗീകാരം കൂടിയായിരുന്നു ഇത്തവണ ലഭിച്ച സ്ഥാനാർഥിത്വം. നോർഫോൾക്ക് ആന്റ് നോർവിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഫൌണ്ടേഷൻ ട്രസ്റ്റിന്റെ ഇലക്റ്റഡ് ഗവർണറായി സേവനമനുഷ്ഠിക്കുന്ന ബിബിൻ ലേബർ പാർട്ടിയുടെ ഹെല്‍സ്ടാന്‍ ബ്രാഞ്ച് സെക്രട്ടറിയും നോർവിച്ച് ലേബർ പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.
കോൺഗ്രസ് അനുകൂല സംഘടനകളായ ഒഐസിസി യുകെ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ യൂത്ത് കോർഡിനേറ്റർ എന്നീ നിലകളിലും മുൻപ് പ്രവർത്തിച്ചിരുന്നു. കോട്ടയം കടുത്തുരുത്തിയിൽ കുഴിവേലിൽ കുടുബംഗമാണ് ബിബിൻ ബേബി. തൃശൂര്‍ ചേലക്കര തൊട്ടുവേലിൽ കുടുബംഗമായ ടിന്‍സിയാണ് ബിബിന്റെ ഭാര്യ. ബെല്‍വിന്‍, ബെല്‍മിയ എന്നിവരാണ് മക്കള്‍.