Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫ്രാൻസിൽ പ്രതിഷേധം; വൻസുരക്ഷാ വിന്യാസം

ഫ്രാൻസിൽ പ്രതിഷേധം; വൻസുരക്ഷാ വിന്യാസം

പാരീസ്: പൊലീസ് നാഹിൽ എന്ന പതിനേഴുകാരനെ വെടിവെച്ചു കൊന്നതോടെ ഫ്രാൻസിൽ ഉടലെടുത്ത പ്രതിഷേധം നിയന്ത്രിക്കാൻ വൻസുരക്ഷാ വിന്യാസം. കഴിഞ്ഞദിവസം 700ലേറെ പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി മേയറുടെ വസതിയിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർ കാർ ഇടിച്ചുകയറ്റുകയായിരുന്നു. എന്നാൽ രാജ്യത്തെ സ്ഥിതിഗതികൾ ശാന്തമായിവരികയാണ്. ശനിയാഴ്ച നാഹിലിന്റെ സംസ്‌കാരം നടത്തിയിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാന്ററെയിലെ മോണ്ട് വലേറിയൻ പള്ളിയിൽ നടത്തിയ ശവസംസ്‌കാര ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി. കൗമാരക്കാരന്റെ ശവസംസ്‌കാരത്തെ തുടർന്ന് ശനിയാഴ്ച നാൻറേയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. കനത്ത സുരക്ഷാ സന്നാഹമാണ് പള്ളിക്ക് ചുറ്റും ഒരുക്കിയിരുന്നത്. ഇതിന് പുറമേ വിവിധ നഗരങ്ങളിൽ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ചു.

2018ലുണ്ടായ യെല്ലോ വെസ്റ്റ് പ്രതിഷേധത്തിന് ശേഷം പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ നേരിടുന്ന വൻ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. സംഭവത്തെ തുടർന്ന് അദ്ദേഹത്തിന്റെ ജർമൻ സന്ദർശനം മാറ്റിവെച്ചു. പ്രതിഷേധത്തിന്റെ അഞ്ചാം രാത്രിയിൽ 719 പേർ പിടിയിലായതായി പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച 1311 പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രി ജെറാൾഡ് ദാർമനൈൻ പറഞ്ഞു.

കഴിഞ്ഞ ജൂൺ 27ന് പാരിസ് പ്രാന്തപ്രദേശമായ നാന്റേറിൽ പട്ടാപ്പകലാണ് 17കാരനായ നാഹിൽ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്. ട്രാഫിക് പൊലീസിന്റെ പരിശോധനയ്ക്കിടെ നിർത്താതെ പോയെന്ന് കാണിച്ചാണ് പൊലീസ് വെടിവച്ചത്. നഗരത്തിൽ ടേക്ക്എവേ ഡെലിവറി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു 17കാരൻ. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ 1,300-ലധികം ആളുകളെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി മാത്രം 121 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കലാപത്തിന്റെ ഭാഗമായി പൊതുനിരത്തുകളിൽ 2,560 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,350 കാറുകൾ കത്തിനശിച്ചു, 234 കെട്ടിടങ്ങൾക്ക് തീപിടിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ഭരണകൂടം പറയുന്നത്. ചൊവ്വാഴ്ച ആരംഭിച്ച കലാപത്തിൽ കസ്റ്റഡിയിലെടുത്തവരിൽ പലരും പ്രായപൂർത്തിയാകാത്തവരാണ്. കസ്റ്റഡിയിലുള്ള 2000-ത്തിലധികം തടവുകാരുടെ ശരാശരി പ്രായം 17 വയസാണെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com