Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രവാസി മലയാളികളുടെ കലാസാംസ്കാരികവേദി ഒരുക്കിയ ഓണാഘോഷം പ്രൗഡഗംഭീരമായി

പ്രവാസി മലയാളികളുടെ കലാസാംസ്കാരികവേദി ഒരുക്കിയ ഓണാഘോഷം പ്രൗഡഗംഭീരമായി

യൂറോപ്പ്: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ ഓണാഘോഷം പ്രൗഢ ഗംഭീരമായി. ആഗസ്റ്റ് 25ന് വൈകുന്നേരം നാലുമണിക്ക് (15:00 UK, 19.30 Indian time) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ ഒരുക്കിയ തിരുവോണാഘോഷം വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക നേതാക്കൻമാരിലൊരാളും ഗ്ളോബൽ ചെയർമാനുമായ ശ്രീ. ഗോപാലൻ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്ളോബൽ പ്രസിഡന്റും ധന്യ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സിഇഒയും നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നതുമായ ശ്രീ. ജോൺ മത്തായി മുഖ്യപ്രഭാഷകനായിരുന്നു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. മികച്ച പാർലമെന്റേറിയനും, രാഷ്ട്രീയ പ്രവർത്തകനുമായ ശ്രീ. റ്റി. എൻ. പ്രതാപൻ എംപി എല്ലാ പ്രവാസി മലയാളികൾക്കും ഓണാശംസകൾ നേർന്നു. പ്രവാസി മലയാളികളിലൂടെ ഇന്ന് തിരുവോണം ആഗോളആഘോഷമായി മാറിയെന്നു അദ്ദേഹം പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ ഓണാശംസകൾ നേർന്നു.

ജെയിംസ് പാത്തിക്കലിന്റെ (വൈസ് പ്രസിഡന്റ് ജർമൻ പ്രൊവിൻസ്) ഈശ്വരപ്രാർഥനയോടെ തുടങ്ങിയ ഓണാഘോഷം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. മേഴ്സി തടത്തിൽ, ശ്രീജ ഷിൽഡ് കാംമ്പ്, നിക്കോൾ ജോർജ്, അമ്മിണി മണമേൽ, ലീന നിധിൻ, സരിത മനോജ്, സുമി ഹെന്റി തുടങ്ങിയവർ ചേർന്നവതരിപ്പിച്ച തിരുവാതിരയും യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫിന്റെ നേതൃത്വത്തിലുള്ള ഐയർലണ്ടിൽ നിന്നുള്ള ചെണ്ടമേളവും, അജ്മൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി സ്വപ്ന ഡേവിഡ് മികച്ച കലാടെക്നിക്കൽ ചാതുര്യത്തോടെ മിനിസ്ട്രീനിലൂടെ അവതരിപ്പിച്ചു. പ്രസിദ്ധ ഗായകനും സംഗീതാധ്യാപകനുമായ നന്ദകുമാർ കെ. കമ്മത്ത് അവതരിപ്പിച്ച മഹാബലിയെ എല്ലാവരും ഹൃദ്യമായി സ്വീകരിച്ചു.

സോബിച്ചൻ ചേന്നങ്കര, ജോസി മണമേൽ, ഫാദർ തോമസ് ചാലിൽ, ജോണപ്പൻ അത്തിമൂട്ടിൽ, ആനിയമ്മ ചേന്നങ്കര, സുബീന എന്നിവർ ചേർന്നവതരിപ്പിച്ച വള്ളം കളിയെ അനുസ്മരിച്ചുള്ള വഞ്ചിപ്പാട്ട് ഹൃദ്യവും, ആവേശം പകരുന്നതുമായിരുന്നു. മികച്ച നർത്തകിയായ അജ്മനിൽ നിന്നുള്ള അപർണ അനൂപിന്റെ ക്ളാസിക്കൽ ഡാൻസ് നയനാന്ദകരമായിരുന്നു. അമേരിക്കയിലെ നോർത്ത് ടെക്സാസ് പ്രൊവിൻസ് വൈസ് ചെയർമാനും നല്ലൊരു ഗായികയുമായ ആൻസി തലശല്ലൂരിന്റെ മഞ്ഞൾപ്രസാദവും നെറ്റിയിൽ.. എന്നു തുടങ്ങുന്ന ഗാനവും അബുദാബിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ഇഷ മാലിക്കിന്റെ പൂവേ പൂവേ.. എന്ന ഗാനവും എല്ലാവരേയും ഓണനാളുകളിലേക്ക് കൊണ്ടുവന്നു. സൗദി അറേബ്യയിൽ നിന്നുള്ള ഹാരീസ് ഹസന്റെ ഗാനവും മികവുറ്റതായിരുന്നു.

സംഗീതാധ്യാപകനും മികച്ച ഗായകനുമായ ജോസുകുട്ടി കവലച്ചിറ, സോബിച്ചൻ ചേന്നങ്കര, സിറിയക് ചെറുകാട്, ജെയിംസ് പാത്തിക്കൽ തുടങ്ങിയവർ ശ്രുതിമധുരമായ ഓണപ്പാട്ടുകൾ ആലപിച്ചു. യൂറോപ്പിലെ പ്രസിദ്ധഗായകരായ ഇവരുടെ ഓണപ്പാട്ടുകളിലൂടെ, സംഗീത പെരുമഴയിലൂടെ എല്ലാവരേയും ഓണനാളുകളിലേക്ക് കൊണ്ടുപോയി.

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലും മികച്ച പ്രാസംഗികയും ഡാൻസുകാരിയും ഇംഗ്ലണ്ടിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരികവേദി മോഡറേഷൻ ചെയ്തത്.

ഗ്ളോബൽ വൈസ് ചെയർപേഴ്സൻ മേഴ്സി തടത്തിൽ, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേരിൽ, ഗ്ളോബൽ കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ ടി. കീക്കാട്, യുഎൻ ബോൺ ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ സോമരാജ് പിള്ള, ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ, യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, പ്രമുഖ സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ കാരൂർ സോമൻ, ദുബായ് പ്രൊവിൻസ് പ്രസിഡന്റ് പോൾസൺ കോന്നോത്ത് എന്നിവർ ഓണാശംസകൾ നേർന്ന് സംസാരിച്ചു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം സെപ്തംബർ 29–ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് (UK time) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്. ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments