ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ജൂലായ് നാലിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 14 വര്‍ഷത്തെ ഭരണത്തിന് ശേഷം കണ്‍സര്‍വേറ്റീവുകള്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയോട് പരാജയപ്പെടുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. പ്രധാനമന്ത്രി എന്ന നിലയിലും മുന്‍ ധനമന്ത്രി എന്ന നിലയിലും തന്റെ നേട്ടങ്ങളെ കുറിച്ച് വിവരിച്ചാണ് സുനക് പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ ബ്രിട്ടന് അതിന്റെ ഭാവി തെരഞ്ഞെടുക്കാനുള്ള നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഏതാനും ആഴ്ചകളില്‍ ഓരോ വോട്ടിനും വേണ്ടി താന്‍ പോരാടുമെന്നും ജനങ്ങളുടെ വിശ്വാസം നേടുമെന്നും തന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് സര്‍ക്കാറിന് മാത്രമേ കഠിനാധ്വാനത്തിലൂടെ സാമ്പത്തിക സ്ഥിരത അപകടത്തിലാക്കാതെ നിലനിര്‍ത്താന്‍ സാധിക്കുകയുളളുവെന്ന് തെളിയിക്കുമെന്നും 44കാരനായ സുനക് പറഞ്ഞു.
ലേബര്‍ പാര്‍ട്ടിക്കെതിരായ പ്രസ്താവനയില്‍ അവര്‍ എല്ലായ്‌പ്പോഴും ‘എളുപ്പമുള്ള വഴി’ സ്വീകരിച്ചുവെന്നും പദ്ധതിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും സുനക് വിശദമാക്കി.
നിലവില്‍ ലേബര്‍ പാര്‍ട്ടിയെക്കാള്‍ വളരെ പിന്നിലാണ് കണ്‍സര്‍വേറ്റീവ് പാര്‍്ട്ടിയെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, തന്റെ പാര്‍ട്ടിയിലെ ചിലരില്‍ നിന്ന് ഒരു പരിധിവരെ ഒറ്റപ്പെട്ട അവസ്ഥയാണ് സുനക് നേരിടുന്നത്.
പണപ്പെരുപ്പം കുറയുകയും സമ്പദ്വ്യവസ്ഥ ഏകദേശം മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച നേടുകയും ചെയ്യുന്ന സാമ്പത്തിക നേട്ടമുള്ള അവസ്ഥ മുതലെടുക്കാനാണ് സുനക് തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഒരു റിസ്‌ക് എടുക്കാനും പുതിയ ടേമിനുള്ള അജണ്ട വോട്ടര്‍മാര്‍ക്ക് അവതരിപ്പിക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്.
സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രചരണങ്ങളുമായി ഇരുപാര്‍ട്ടികളും ഇതിനകം ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്.
14 വര്‍ഷത്തെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ലേബര്‍ പാര്‍ട്ടി ആരോപിക്കുന്നു. ഇത് ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയതായും സ്ഥിരത നല്‍കുന്നതില്‍ പരാജയപ്പെട്ട അരാജക ഭരണങ്ങളുടെ പരമ്പര സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്നും അവര്‍ വിശദീകരിക്കുന്നു.
തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചാല്‍ രാഷ്ട്രീയ സ്ഥിരതയ്ക്ക് പേരുകേട്ട ബ്രിട്ടന് 1830കള്‍ക്ക് ശേഷം ആദ്യമായി എട്ട് വര്‍ഷത്തിനുള്ളില്‍ ആറ് പ്രധാനമന്ത്രിമാരാകും.
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ തങ്ങള്‍ തയ്യാറാണെന്നും രാജ്യം ഒരു പൊതു തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണെന്നാണ് കരുതുന്നതെന്നും ലേബര്‍ നേതാവ് സ്റ്റാര്‍മറിന്റെ വക്താവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
‘ബ്രിട്ടന്‍ പുനര്‍നിര്‍മ്മിക്കുമെന്ന്’ പ്രതിജ്ഞ ചെയ്തു സ്റ്റാര്‍മര്‍ കഴിഞ്ഞ ആഴ്ച തന്റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.
അഭിപ്രായ വോട്ടെടുപ്പില്‍ സുനക്കിന്റെ കണ്‍സര്‍വേറ്റീവുകളേക്കാള്‍ 20 ശതമാനം മുന്നിലാണ് ലേബര്‍ പാര്‍ട്ടി നിലവിലുള്ളത്. എന്നാല്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാവുമെന്ന് ലേബര്‍ പാര്‍ട്ടി പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. പല വോട്ടര്‍മാരും കൃത്യമായ തീരുമാനമെടുത്തിട്ടില്ലെന്നാണ് ലേബര്‍ പാര്‍ട്ടി ആശങ്കപ്പെടുന്നത്.
പ്രസ്തുത അനിശ്ചിതത്വം മുതലെടുക്കാനാണ് സുനക് ലക്ഷ്യമിടുന്നത്. ചില സാമ്പത്തിക നേട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ തന്റെ പാര്‍ട്ടിയോടൊപ്പം നില്‍ക്കുമെന്നും സുനക് പ്രതീക്ഷിക്കുന്നു.