ആചാരപെരുമകൊണ്ട് പ്രശസ്തമായ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഓണാട്ടുകരക്കാര്‍. 13 കരകളിലെ ഭക്തജനങ്ങള്‍ അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകള്‍ നാളെ കാഴ്ചകണ്ടത്തില്‍ അണിനിരക്കുമ്പോള്‍ ആവേശം ഉച്ഛസ്ഥായിലെത്തും. കൂടാതെ കുത്തിയോട്ട ചുവടുകള്‍ കാണാനും കുത്തിയോട്ട പാട്ട് കേള്‍ക്കാനും പതിനായരങ്ങള്‍ നാളെ ചെട്ടികുളങ്ങരയിലേക്ക് ഒഴുകിയെത്തും.
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കുത്തിയോട്ടം. ശിവരാത്രി ദിനം രാത്രി മുതലാണ് ഈ അനുഷ്ഠാനം ആരംഭിക്കുന്നത്. വഴിപാടുകാരുടെ വീടുകളിലാണ് അനുഷ്ഠാന കല കൂടിയായ കുത്തിയോട്ടം അരങ്ങേറുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കുംഭഭരണി ആഘോഷങ്ങളിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് കുതിരമൂട്ടില്‍ കഞ്ഞി. കെട്ടുകാഴ്ച നിർമ്മാണം തുടങ്ങിയ ശിവരാത്രി നാൾ മുതൽ കുതിരമൂട്ടിൽ കഞ്ഞി വിതരണം തുടങ്ങി. മുതിര, പുഴുക്ക് അസ്ത്രം, കടുമാങ്ങ, പപ്പടം, അവിൽ, പഴം തുടങ്ങി എട്ടുകൂട്ടം വിഭവങ്ങളാണ് കഞ്ഞിക്കൊപ്പം വിളമ്പുന്നത്. കഞ്ഞികുടിയ്ക്കാൻ പഴയകാലത്തെ ഇലയും തടയും പ്ലാവിലയുമാണ് ഉപയോഗിക്കുന്നത്. ഓലക്കാലുകൊണ്ട് വൃത്താകൃതിയിൽ ഉണ്ടാക്കുന്ന തടയിൽ തൂശനില വെച്ചാണ് ചൂട് കഞ്ഞി വിളമ്പുന്നത്.