അബുദാബി: ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ യുഎഇ ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങൾ രാജ്യത്ത് എമർജൻസി അലർട്ട് പുറപ്പെടുവിച്ചു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ താമസക്കാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. നിലവിൽ ആകാശ പ്രതിരോധ സംവിധാനങ്ങൾ ശത്രു മിസൈലുകളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ പൂർണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ ആറ് പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. സ്വദേശികൾക്ക് പുറമെ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരാണ് മരിച്ചത്. ഇന്ത്യക്കാർ ഉൾപ്പെടെ 24 രാജ്യങ്ങളിൽ നിന്നുള്ള 122 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കുകൾ സാരമുള്ളതല്ലെന്ന് അധികൃതർ വ്യക്തമാക്കി. പരുക്കേറ്റവരിൽ ഈജിപ്ത്, സുഡാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യക്കാരുണ്ട്. സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
കഴിഞ്ഞ 11 ദിവസത്തിനിടെ 270 മിസൈൽ ആക്രമണങ്ങളാണ് യുഎഇ നേരിട്ടത്. ഇതിൽ 92 ശതമാനം മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തു. മാർച്ച് 10ന് മാത്രം ഒൻപത് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതിൽ എട്ടെണ്ണവും ആകാശത്തുവെച്ച് നശിപ്പിച്ചു. ഒരെണ്ണം കടലിൽ പതിച്ചു. കൂടാതെ എട്ട് ക്രൂയിസ് മിസൈലുകളും യുഎഇ സൈന്യം തകർത്തിട്ടുണ്ട്.



