റിയാദ് : രാജ്യത്തേക്ക് മരുന്നുകൾ കൊണ്ടുപോകുന്നതിനും വരുന്നതിനും പുതിയ വ്യവസ്ഥകൾ നടപ്പാക്കാൻ സൗദി. നവംബർ ഒന്ന് മുതൽ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരിക. സൗദി അറേബ്യയിലേക്ക് പ്രവേശിക്കുകയോ സൗദിയിൽ നിന്ന് പോകുകയോ ചെയ്യുന്ന രോഗികൾ ലഹരി അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കൾ അടങ്ങിയ വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾക്ക് ക്ലിയറൻസ് പെർമിറ്റ് നേടേണ്ടതുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് പോർട്ട്സ് (മവാനി) അറിയിച്ചു.
മരുന്നുകൾ വെളിപ്പെടുത്തി സൗദി ഫൂഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം നേടണം. അർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് പതിവായി കഴിക്കുന്ന ചില മരുന്നുകളിൽ വേദനാ സംഹാരിയായും മാനസിക രോഗ ചികിത്സക്ക് അടക്കം മറ്റിടങ്ങളിൽ നൽകുന്നവയിൽ ചിലതൊക്കെ അവയിലടങ്ങിയ ലഹരിയുടെ തോതിന്റെ അടിസ്ഥാനത്തിൽ സൗദി അറേബ്യയിൽ നിരോധനമുണ്ട്.
ഇത് അറിയാതെ സൗദിയിലേക്ക് കൊണ്ടുവരുന്നവരും മതിയായ രേഖകളില്ലാതെ സൗദിയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നവരും നിരോധനമുള്ളതോ നിയന്ത്രിത മരുന്നുകളുമായി സഞ്ചരിക്കുന്നതിന്റെ പേരിലും നിയമനടപടികൾ അഭിമുഖീകരിക്കേണ്ടി വരും. പ്രവാസി മലയാളികൾ അടക്കമുള്ളവരിൽ പലരും സ്വന്തം നിലയ്ക്കും മറ്റുള്ളവർക്ക് സഹായം എന്ന നിലയ്ക്കും ഇത്തരം മരുന്നുകൾ കൊണ്ടുവരുന്നതിന് പാലിക്കേണ്ട നിയമ വ്യവസ്ഥാ ചട്ടങ്ങൾ അറിയാത്തതിനാൽ വിമാനത്താവളത്തിലെ പരിശോധനയിൽ പിടിക്കപ്പെട്ട് ജയിൽ ശിക്ഷ അടക്കമുള്ള കുഴപ്പത്തിൽ കുടുങ്ങിയ അനുഭവങ്ങളുണ്ട്.
നിയന്ത്രിത മരുന്ന് പെർമിറ്റുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും cds.sfda.gov.sa എന്ന വിലാസത്തിലുള്ള കൺട്രോൾഡ് ഡ്രഗ്സ് സിസ്റ്റം (CDS) വഴി ലഭ്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി.



