അബുദാബി: 1910 കോടി ദിർഹം മുതൽമുടക്കിയ അബുദാബി മിഡ്ഫീൽഡ് ടെർമിനൽ യുഎഇ ദേശീയ ദിനമായ ഡിസംബർ 2ന് തുറക്കുമെന്ന് സൂചന.
എയർപോർട്ട് പ്രവർത്തനങ്ങളുടെ സുഗമമായ നിർവഹണം ഉറപ്പുവരുത്തുന്നതിനായി 800ൽപരം യാത്രക്കാരെ ഉൾപ്പെടുത്തി പരിശീലന പറക്കലും പൂർത്തിയാക്കിയിരുന്നു. ജനങ്ങളെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശീലനം. യാത്രക്കാരുടെ ലഗേജ് കയറ്റൽ, ഇന്ധനം നിറയ്ക്കൽ, സുരക്ഷാ പരിശോധന എന്നിവ പരിശോധിച്ചിരുന്നു. മിഡ്ഫീൽഡ് ടെർമിനൽ മണിക്കൂറിൽ 11,000 പേരെയും വർഷത്തിൽ 4.5 കോടി യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.
ടെർമിനൽ പ്രവർത്തന സജ്ജമാകുന്നതോടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം ഇരട്ടിക്കും.ഭൂരിഭാഗം വിമാന സർവീസുകളും മിഡ് ഫീൽഡ് ടെർമിനൽ വഴിയാക്കും. ബജറ്റ് എയർലൈനുകൾ പഴയ ടെർമിനലുകളിൽ തുടർന്നേക്കും. 1, 2, 3 ടെർമിനലുകളെ ബന്ധിപ്പിക്കും വിധത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. കണക്ഷൻ വിമാന യാത്രക്കാർക്ക് ടണൽ വഴി പുതിയ ടെർമിനലിൽ എത്താം. 2012ൽ നിർമാണം ആരംഭിച്ച ടെർമിനൽ കഴിഞ്ഞ ഡിസംബറിൽ തുറക്കാനായിരുന്നു പദ്ധതിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.