അജ്മാൻ : അജ്മാനിൽ വീണ്ടും തീപിടിത്തം. അൽ റാഷിദിയ 1 ലെ ലൂലോവ റസിഡൻഷ്യൽ കോംപ്ലക്‌സിലെ റസിഡൻഷ്യൽ ടവറിലാണ് അഗ്നിബാധ. 9 പേർക്ക് പരുക്കേറ്റു. അജ്മാൻ പൊലീസിന്റെ സഹകരണത്തോടെ സിവിൽ ഡിഫൻസ് ടീമുകൾ തീ നിയന്ത്രണ വിധേയമാക്കി.
പട്രോളിങ്ങും സിവിൽ ഡിഫൻസ് സ്ക്വാഡുകളും ടവറിലെ വാടകക്കാരെ ഒഴിപ്പിച്ച ശേഷം തീ പൂർണമായും അണച്ചതായും തുടർന്ന് ശീതീകരണ പ്രവർത്തനങ്ങൾ നടത്തിയതായും ഇതിന് മേൽനോട്ടം വഹിച്ച അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.
തീപിടിത്തത്തിൽ അപാർട്മെന്റുകൾക്കും ടവറിന്റെ പുറംഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു. ഒരു വശത്തുണ്ടായ അഗ്നിബാധ പെട്ടെന്ന് നിരവധി അപാർട്ട്മെന്റുകളിലേക്ക് വ്യാപിക്കുകയായിരുന്നു.
കനത്ത പുക ശ്വസിച്ചാണ് 9 പേർക്ക് ശ്വാസംമുട്ടൽ ഉണ്ടായത്. ഇവർക്ക് ആംബുലൻസിൽ സംഭവസ്ഥലത്ത് വൈദ്യസഹായം നൽകി. ഇതിൽ സാരമായി പരുക്കേറ്റ രണ്ട് പേരെ തുടർ ചികിത്സയ്ക്കായി ഷെയ്ഖ് ഖലീഫ ആശുപത്രിയിലേയ്ക്ക് മാറ്റിയതായും അൽ നുഐമി അറിയിച്ചു.